കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം ; ഇന്ന് മുതലാണ് നഗരത്തില്‍ പോലീസ് ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്; സ്‌കൂള്‍ തുറന്നതോടെ നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് പുതിയ നടപടി

കോട്ടയം: കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കാരം വരുന്നു. ഇന്ന് മുതലാണ് നഗരത്തില്‍ പോലീസ് ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നത്. സ്‌കൂള്‍ തുറന്നതോടെ നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് പുതിയ നടപടി.

ചന്തക്കവലയില്‍ സിഗ്നല്‍ സംവിധാനമില്ലാത്തതിനാല്‍ ചന്തയ്ക്കുള്ളില്‍നിന്നു വാഹങ്ങള്‍ തോന്നുന്നതുപോലെ കയറുന്നതും ഇറങ്ങുന്നതും അപകടത്തിനിടയാക്കുന്നു. അതേപോലെ കുമരകം റോഡിലൂടെ വരുന്ന വാഹനങ്ങള്‍ എംസി റോഡില്‍ ശക്തി ഹോട്ടലിനുസമീപത്ത് ഡിവൈഡറുകള്‍ തീരുന്നിടത്ത് ഇറക്കത്തില്‍ വച്ചു യു ടേണ്‍ എടുക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്.

എംസി റോഡില്‍നിന്നു യാതൊരു നിയന്ത്രണവുമില്ലാതെ ശക്തി ഹോട്ടലിനു സമീപമുള്ള റോഡില്‍ കൂടി വാഹനങ്ങള്‍ കുമരകം റോഡിലേക്കും പ്രവേശിക്കുന്നുണ്ട്. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് ഐലന്‍ഡിലാണ് എപ്പോഴും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. ഇവിടെ വലിയ വാഹനങ്ങള്‍ റോഡ് നിറഞ്ഞ് നിര്‍ത്തുന്നതും കുരുക്കിനു കാരണമാകുന്നുണ്ട്.

ചാലുകുന്നു ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ഇനി ശാസ്ത്രി റോഡു വഴിയാകും നാഗമ്പടം ബസ്‌ സ്റ്റാന്‍ഡിലേക്ക് പോകുക. നിലവില്‍ ബേക്കര്‍ ജംഗ്ഷനു സമീപം ആളെയിറക്കി എംസി റോഡു വഴി സീസേഴ്‌സ് ജംഗ്ഷനിലെത്തിയാണ് ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡിലേക്ക് പോയിരുന്നത്. കുമരകം, ചുങ്കം, ചാലുകുന്ന് ഭാഗത്തുനിന്നുവരുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി നേരേ ശാസ്ത്രി റോഡില്‍ പ്രവേശിക്കും. തുടർന്ന് ശാസ്ത്രി റോഡിലെ ബസ്‌ സ്റ്റോപ്പില്‍ ആളുകളെയിറക്കും. അവിടെനിന്നു ബസുകള്‍ കുര്യന്‍ ഉതുപ്പ് റോഡ് വഴി നാമ്പടം ബസ്‌സ്റ്റാന്‍ഡിലെത്തും.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പരിഷ്‌കാരം എത്രമാത്രം വിജയിക്കുമെന്ന് പോലീസുകാര്‍ക്കും പറയാനാകുന്നില്ല. കോട്ടയം വെസ്റ്റ് പോലീസ് എസ്‌എച്ച്‌ഒയുടെ അധ്യക്ഷതയില്‍ കോട്ടയം ട്രാഫിക് യൂണിറ്റ് ഹൗസ് ഓഫീസര്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം.

അതേപോലെ നഗരത്തില്‍ പലയിടത്തും ട്രാഫിക് പോലീസിന്‍റെ സേവനം കാര്യക്ഷമല്ലെന്നും പരാതിയുണ്ട്. സീബ്രാലൈനുകള്‍ പലയിടത്തും മാഞ്ഞുകിടക്കുകയാണ്. ആളുകള്‍ തോന്നുംപടിയാണ് റോഡ് മുറിച്ചുകടക്കുന്നത്. നഗരത്തിലെ ട്രാഫിക് സംവിധാനങ്ങള്‍ അടിയന്തരമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായിട്ട് ഉയരുന്നുണ്ട്.