ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ പദ്ധതികളില്‍ മലയാളി താരം സഞ്ജു സാംസണ് ഇടമില്ലെന്നതാണ് സമീപകാലത്തെ ടീം സെലക്ഷന്‍ സൂചിപ്പിക്കുന്നത്.

 

തിരുവനന്തപുരം: ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സഞ്ജുവിന് മുന്നില്‍ കടമ്പകളേറെയാണ്. തിരിച്ചടിയായി ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനങ്ങളും. ലോകകപ്പിന് തൊട്ടുമുൻപ് നടന്ന ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തിയതാണ് അവസാനമായി ലഭിച്ച അവസരം. ഇന്ത്യന്‍ ടീമിലേക്ക് ഒരു തിരിച്ചുവരവ് ലക്ഷ്യമിടുന്ന സഞ്ജുവിന് തിരിച്ചടിയാണ് ആഭ്യന്തര ക്രിക്കറ്റിലെ മോശം ഫോ.

ഏകദിന ക്രിക്കറ്റില്‍ ലഭിച്ചത് വളരെ കുറച്ച്‌ അവസരങ്ങള്‍ മാത്രമാണെങ്കിലും നല്ല പ്രകടനമാണ് സഞ്ജു പുറത്തെടുത്തിട്ടുള്ളത്. 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 55.71 ശരാശരിയില്‍ 390 റണ്‍സ് ആണ് ആകെ സമ്ബാദ്യം. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ച താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 86 റണ്‍സ് ആണ്. എന്നിട്ടും ലോകകപ്പ് ടീമില്‍ അവസരം നല്‍കിയത് സഞ്ജുവിന്റെ പ്രകടനത്തിന്റെ പാതിപോലുമില്ലാത്ത സൂര്യകുമാര്‍ യാദവിനായിരുന്നു.

ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലല്‍ യുവതാരങ്ങള്‍ക്ക് മാത്രം അവസരം നല്‍കിയപ്പോഴും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും അസാമാന്യ പ്രകടനം കാഴ്ചവയ്ച്ചാല്‍ മാത്രമേ സഞ്ജുവിന് ഇനി രക്ഷയുള്ളൂ. എന്നാല്‍ ഈ സീസണില്‍ കേരളത്തിന്റെ നായകന്‍ കൂടിയായ താരത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ അത്ര മികച്ചതല്ല.

ഓസ്‌ട്രേലിയക്ക് എതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി-20 പരമ്പരയിൽ സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പരമ്പരക്കുള്ള ടീം സെലക്ഷന് തൊട്ടുമുൻപ് സമാപിച്ച സയിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം ശരാശരിയിലും താഴെ മാത്രമായിരുന്നു. ആറ് മത്സരങ്ങള്‍ കളിച്ച താരത്തിന് രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ നേടാനായത് വെറും 137 റണ്‍സ് മാത്രമാണ്.

ടൂര്‍ണമെന്റില്‍ 10 മത്സരങ്ങളില്‍ നിന്ന് 500ല്‍ അധികം റണ്‍സ് നേടിയ റിയാന്‍ പരാഗിന് പോലും സെലക്ഷന്‍ ലഭിച്ചിരുന്നില്ലെന്നത് കൂടി സഞ്ജു തിരിച്ചറിയണം. അടുത്ത വര്‍ഷം ജൂണില്‍ ട്വന്റി-20 ലോകകപ്പ് വരാനിരിക്കുന്നു. ഈ ഫോര്‍മാറ്റില്‍ തന്റെ മികവ് തെളിയിക്കാന്‍ ഐപിഎല്‍ മാത്രമാണ് ലോകകപ്പിന് മുൻപ് സഞ്ജുവിന് മുന്നിലുള്ള ഒരേയൊരു അവസരം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവിന്റെ പ്രകടനം വളരെ മോശമായി തുടരുകയാണ്. ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജു വെറും 101 റണ്‍സ് മാത്രമാണ് ആകെ നേടിയത്. മുംബയ്‌ക്കെതിരെ 55 റണ്‍സ് നേടിയത് 83 പന്തുകള്‍ നേരിട്ടാണ്. ഒഡീഷയ്‌ക്കെതിരെ 15, സൗരാഷ്ട്രയ്‌ക്കെതിരെ 30, ത്രിപുരയ്‌ക്കെതിരെ വെറും ഒരു റണ്‍സ് എന്നിങ്ങനെ മാത്രമാണ് താരത്തിന്റെ പ്രകടനം.

മറ്റ് യുവതാരങ്ങള്‍ ലഭിക്കുന്ന അവസരങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് എങ്ങനെയാണെന്നത് നമുക്കറിയാം. യശ്വസി ജെയ്‌സ്‌വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ് തുടങ്ങിയ താരങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യന്‍ ടീമിലേക്ക് ഒരു മടങ്ങിവരവ് ആണ് ലക്ഷ്യമെങ്കില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഈ പ്രകടനങ്ങള്‍ മതിയാകില്ല. താരം ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ കാത്ത് വലിയ ഒരു വിഭാഗം ആരാധകരാണുള്ളത്. താരത്തിന്റെ പ്രകടനത്തില്‍ ആരാധകരും നിരാശരാണ്.

കഴിവുള്ള താരമാണ് സഞ്ജുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ സഞ്ജുവിന് ഒരു ഇമ്ബാക്‌ട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുമില്ല. നിലയുറപ്പിക്കാതെ അക്രമിക്കാന്‍ ശ്രമിച്ച്‌ വിക്കറ്റ് വലിച്ചെറിയുന്നതാണ് സഞ്ജുവിന്റെ പ്രശ്‌നമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് താരത്തിന്റെ പ്രകടനം. ഐപിഎല്‍ സീസണില്‍ ആദ്യ മത്സരങ്ങളില്‍ കത്തിക്കയറുന്ന സഞ്ജു പിന്നീട് നിറംമങ്ങിപ്പോകുന്നത് പതിവ് കാഴ്ചയാണ്. സ്ഥിരതയോടെയുള്ള പ്രകടനം ഐപിഎല്ലില്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താരത്തിനെ നീലക്കുപ്പായത്തില്‍ കാണാന്‍ കഴിയുമോ എന്നത് പോലും സംശയമാണ്.

പ്രതിഭകളുടെ ധാരാളിത്തമുള്ള ഇന്ത്യന്‍ ക്രിക്കറ്റില്‍ ചുരുങ്ങിയ അവസരങ്ങള്‍ പോലും മുതലാക്കുന്നവര്‍ക്ക് മാത്രമേ രക്ഷയുള്ളൂവെന്ന് സഞ്ജുവിനെക്കാള്‍ നന്നായി ആര്‍ക്കാണ് അറിയുക? മികച്ച വിക്കറ്റ് കീപ്പറും ഫീല്‍ഡറുമായ സഞ്ജു 2015ലാണ് ഇന്ത്യക്കായി അരങ്ങേറിയത്. ഇന്ത്യക്കായി ട്വന്റി-20 ക്രിക്കറ്റില്‍ 24 മത്സരങ്ങള്‍ കളിച്ച താരത്തിന് ഒരു തവണ മാത്രമാണ് 50 റണ്‍സില്‍ അധികം നേടാന്‍ കഴിഞ്ഞത്. വെറും 374 റണ്‍സ് മാത്രമാണ് സമ്ബാദ്യം. ഐപിഎല്ലില്‍ 152 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും 20 അര്‍ധസെഞ്ച്വറികളുമുള്‍പ്പെടെ 3888 റണ്‍സ് നേടിയിട്ടുണ്ട്.