കൊച്ചി: മെയ് നാലിന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ വിദ്യാർത്ഥികള്‍ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നീറ്റ് വിജയകരമായി പൂർത്തിയാക്കാനുള്ള അവസാന നിമിഷ തന്ത്രമാണിത്.
1. കൃത്യം പത്തു ദിവസം അകലെയാണ് നീറ്റ് പരീക്ഷ. അതിനാല്‍ അവസാന വട്ട പഠന ടൈം ടേബിള്‍ തയ്യാറാക്കുക. മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.
2. ഫിസിക്‌സില്‍ നിന്നും കെമിസ്ട്രിയില്‍ നിന്നുമുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും, വായിച്ചു പഠിക്കുന്നതിനു പകരം എഴുതി ഉത്തരം കണ്ടെത്താൻ ശ്രമിക്കാം. സങ്കീർണ്ണമായ ജീവശാസ്ത്ര ചിത്രങ്ങള്‍ വരയ്ക്കാൻ ശ്രമിക്കുക.
3. പരമാവധി മോക്ക് ടെസ്റ്റുകള്‍ ചെയ്യുക.
4. ചില പാഠഭാഗങ്ങള്‍ മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കില്‍ അവ ഒഴിവാക്കി ബാക്കി ഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
5. പഠിച്ച ഭാഗങ്ങള്‍ ഇടയ്ക്കിടെ മനസില്‍ ഓർത്തെടുക്കാൻ ശ്രമിക്കണം.
6. ടെൻഷനില്ലാതെ പരീക്ഷയെഴുതുമെന്ന ആത്മവിശ്വാസം വിദ്യാർത്ഥികള്‍ക്കുമുണ്ടാകണം. ഏകാഗ്രതയോടെ മനസിരുത്തി പഠിക്കണം.
7. ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും പാട്ടു കേള്‍ക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകള്‍ കാണുന്നതും സുഹൃത്തുക്കളോട് സംസാരിക്കുന്നതും നല്ലതാണ്.
പരീക്ഷാ കേന്ദ്രത്തിലേക്കു പോകുമ്പോള്‍
.അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രം നേരത്തെതന്നെ വിലയിരുത്താൻ ശ്രമിക്കുക. ഒരു മണിക്കൂർ മുൻപെങ്കിലും പരീക്ഷാ കേന്ദ്രത്തിലെത്തണം. ഡ്രസ് കോഡ് ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയുടെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണം.
ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയില്‍ നിന്നായി 50 വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോ വിഷയത്തിനും രണ്ട് വിഭാഗങ്ങളുണ്ട്; എ & ബി.
പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്ബ് ഒരിക്കലും സുഹൃത്തുക്കളുമായി വിഷയങ്ങള്‍ ചർച്ച ചെയ്യാൻ ശ്രമിക്കരുത്. എപ്പോഴും പോസിറ്റീവ് മനോഭാവം പിന്തുടരാനും ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങള്‍ പാലിക്കാനും ശ്രമിക്കണം.
മാതാപിതാക്കളോട്
ചില രക്ഷിതാക്കളുടെ അകാരണമായ മാനസിക സംഘർഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാറുണ്ട്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് രക്ഷിതാക്കള്‍ ഒഴിവാക്കണം. പഠനം, ഭക്ഷണം, ഉറക്കം എന്നിവ പരീക്ഷ മുന്നൊരുക്കങ്ങളില്‍ ഏറെ പ്രാധാന്യമർഹിക്കുന്നു. അതിനു വേണ്ട സൗകര്യമൊരുക്കേണ്ടത് രക്ഷിതാക്കളാണ്. വീട്ടില്‍ പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്ന പെരുമാറ്റം വിദ്യാർഥികളെ ഏറെ സന്തോഷപ്രദമാക്കാൻ സഹായിക്കും.
ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങാൻ വിദ്യാർത്ഥികള്‍ക്ക് അവസരം കൊടുക്കണം.ശീതീകരിച്ചതോ തണുത്തതോ ആയ ഭക്ഷണ വസ്തുക്കളോ ശീതളപാനീയങ്ങളോ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കണം. കടുത്ത വേനലായതിനാല്‍ യഥേഷ്ടം വെള്ളം കുടിക്കണം. സസ്യേതര, അധികം എരിവുള്ള ഭക്ഷ്യ വസ്തുക്കള്‍ ഒഴിവാക്കണം.
പരീക്ഷാക്കാലത്തു മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കണം. പഠിക്കുമ്ബോള്‍ ഓരോ മണിക്കൂറിനുശേഷവും 10 മിനിട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്.പരീക്ഷാക്കാലത്ത് വീട്ടിലേക്കുള്ള അതിഥികളെ രക്ഷിതാക്കള്‍ പരമാവധി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും, പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.
