തൊടുപുഴ: ഇടുക്കിയില്‍ കാറ്റിലും മഴയിലും വ്യാപക നഷ്ടം.
വീടുകളും കടകളും ഭാഗീകമായി തകർന്നു. മരങ്ങള്‍ വീണ് വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു.
മടക്കത്താനം കാപ്പ് കൊല്ലക്കാട്ട് വല്‍സല രവീന്ദ്രന്‍റെ വീടിന്‍റെ മേല്‍ക്കൂരയില്‍ മാവ് ഒടിഞ്ഞ് വീണു. ഉത്തരം, കഴിക്കോല്, പട്ടിക, ഓട് തുടങ്ങിയവ തകർന്നു. വീടിന് സമീപത്തെ തൊഴുത്തും മരം വീണ് പൂർണമായി തകർന്നു.
വെങ്ങല്ലൂരില്‍ വാഴയില്‍ മാത്യുവിന്‍റെ പുരയിടത്തില്‍ നിന്ന തേക്ക്, അഞ്ഞിലി മരങ്ങള്‍ ഒടിഞ്ഞു വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിലേക്ക് വീണു. തൊടുപുഴയില്‍ വ്യപക നാശനഷ്ടമാണ് മഴമൂലം ഉണ്ടായത്.
സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്‍റെ നേതൃത്വത്തില്‍ ഫയർഫോഴ്സ് എത്തി മരങ്ങള്‍ മുറിച്ചുമാറ്റി. തൊടുപുഴ മഠത്തിക്കണ്ടത്ത് ചന്ദ്രമോഹന്‍റെ പുരയിടത്തില്‍ നിന്ന ആഞ്ഞിലി മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു.
തൊടുപുഴ ഫയർഫോഴ്സ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. വെങ്ങല്ലൂർ, അച്ചൻകവല പ്രദേശങ്ങളില്‍ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. വെങ്ങല്ലൂർ സിഗ്നല്‍ ജങ്ഷന് സമീപവും അച്ചൻ കവലയിലും ആണ് മരങ്ങള്‍ വീണത്. അച്ഛൻ കവലയിലെ സ്വകാര്യ സ്ഥാപനത്തിന്‍റെ ഷെഡ് കാറ്റില്‍ നിലം പതിച്ചു.
