വൈക്കം: വൈക്കത്ത് ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ വൻ അഗ്നിബാധ കമ്പ്യൂട്ടർ ഉൾപ്പടെ ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തിനശിച്ചു. ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരാതെ വൻദുരന്തം ഒഴിവായി.
ഇന്നു (വ്യാഴാഴ്ച) പുലർച്ചെ 5.30 ഓടെ വൈക്കത്ത് പഴയ ബസ്റ്റാൻ്റിന് സമീപമുള്ള മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം ഉണ്ടായത്. കണിയാംതോട് സ്വദേശി സോമൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.
ഷട്ടറിനുള്ളിൽ നിന്നും ശക്തമായ പുക ഉയരുകയായിരുന്നു. വൈക്കത്ത് നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ പ്രതാപചന്ദ്രൻ സീനിയർ ഫയർഫോഴ്സ് ഓഫീസർ രഞ്ജിത്ത്, ഫയർ ഓഫീസർമാരായ
സാജു വി.വി, സി.കെ വിഷ്ണു, അരുൺ രാജ്, ഗോകുൽ, അബിൻ, കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് എത്തി ഒരു മണിക്കൂർ നേരം കൊണ്ടാണ് മുറിക്കുള്ളിൽ
ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കിയത്. സ്ഥാപനത്തിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുകൾ, പ്രിൻ്റർ, ഫോട്ടോ കോപ്പി മെഷീൻ, കേബിളുകൾ, ബോർഡ്, മേശ, കസേര എന്നിവ പൂർണ്ണമായി
കത്തിനശിച്ചു.3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമായതെന്ന് കരുതുന്നു.
