ഏപ്രില്‍ മാസത്തില്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ അവധി; വിശദമായി അറിയാം

ഡൽഹി : ഞായറാഴ്ചകള്‍, പൊതു അവധി ദിവസങ്ങള്‍, പ്രത്യേക ഉത്സവങ്ങള്‍ എന്നിങ്ങനെ വിവിധ ദിവസങ്ങളില്‍ ബാങ്ക് അവധിയായിരിക്കും എന്ന് അറിയാമല്ലോ.

ഏപ്രിലില്‍ ഏതെല്ലാം ദിവസങ്ങളിലാണ് ബാങ്ക് അവധികള്‍ എന്ന് അറിയാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വ്യക്തമാക്കിയിരിക്കുന്നത് പ്രകാരം, ഏപ്രിലില്‍ ഏതെല്ലാം ദിവസങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കുമെന്ന് അറിഞ്ഞിരിക്കാം.

രാമനവമി ദിനം അവധിയാണ്. എന്നാല്‍, ഈ വർഷം രാമനവമി ദിനം ഏപ്രില്‍ ആറ് ഞായറാഴ്ചയാണ്. ഈ ദിവസം പല സംസ്ഥാനങ്ങളിലെയും സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധിയായിരിക്കും. ഏപ്രില്‍ പത്തിന് വ്യാഴാഴ്ച ജൈനമതത്തിലെ 24-ാമത് തീർത്ഥങ്കരനായ മഹാവീരന്റെ ജന്മദിനം ആണ്. ജൈനമതക്കാർ ഇത് വളരെ വിപുലമായി ആഘോഷിക്കുന്നു. ഈ ദിവസം പൊതു അവധിയായതിനാല്‍ ബാങ്കുകളും അടച്ചിരിക്കും.

മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച ആയതിനാല്‍ ഏപ്രില്‍ 12ന് രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും. ഏപ്രില്‍ 13ന് ഞായറാഴ്ച ബാങ്ക് അവധിയായിരിക്കും. ഡോ. ബിആർ അംബേദ്കറുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച്‌ ഏപ്രില്‍ 14ന് സർക്കാർ അവധിയായതിനാല്‍ ബാങ്കുകളും അവധിയായിരിക്കും.

ഏപ്രില്‍ 15ന് ബൊഹാഗ് ബിഹു ആഘോഷത്തിന്റെ ഭാഗമായി അഗർത്തല, ഗുവാഹത്തി, കൊല്‍ക്കത്ത, ഇറ്റാനഗർ, ഷിംല എന്നിവിടങ്ങളിലെ ബാങ്കുകള്‍ അവധിയായിരിക്കും. ബിഹു ആഘോഷത്തോട് അനുബന്ധിച്ച്‌ ഏപ്രില്‍ 16നും ഗുവാഹത്തിയില്‍ ബാങ്കുകള്‍ അവധിയായിരിക്കും. ഏപ്രില്‍ 18ന് ദുഖവെള്ളിയാഴ്ച ആചരിക്കുന്നതിനാല്‍ ബാങ്ക് അവധിയായിരിക്കും.

ഗാരിയ പൂജയോടനുബന്ധിച്ച്‌ ഏപ്രില്‍ 21ന് അഗർത്തലയില്‍ ബാങ്കുകള്‍ അവധിയായിരിക്കും. ഏപ്രില്‍ 16ന് നാലാം ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും. ഏപ്രില്‍ 29ന് പരശുരാമ ജയന്തി ദിനത്തില്‍ ബാങ്ക് അവധിയാണ്. ബസവ ജയന്തി, അക്ഷയ തൃതിയ എന്നിവയോട് അനുബന്ധിച്ച്‌ ഏപ്രില്‍ 30ന് ബംഗളൂരുവില്‍ അവധിയായിരിക്കും.