കങ്ങഴ: ഡാണാവുങ്കൽപടി – എംഎൽഎ പടി റോഡിലെ കലുങ്കിന്റെ അടിഭാഗത്തെ കൽക്കെട്ട് തകർന്ന് അപകടാവസ്ഥയിൽ.
ഡാണാവുങ്കൽപടിക്കു സമീപം പന്നഗം തോടിന്റെ കൈവരിക്കു മുകളിലെ കലുങ്കാണ് അപകടാവസ്ഥയിലായത്. മഴക്കാലത്ത് വെള്ളം കുത്തി ഒഴുകിയാണു കൽക്കെട്ട് തകർന്നത്. സ്കൂൾ ബസുകളും ഭാരവാഹനങ്ങളും കലുങ്കിന് മുകളിലൂടെയാണു കടന്നു പോകുന്നത്.
ഒരുവശത്തെ കൽക്കെട്ട് ഒന്നരയടിയോളം തകർന്നു പോയി. മഴക്കാലത്ത് വെള്ളം ശക്തമായി ഒഴുകി എത്തുന്നതോടെ കൂടുതൽ ഭാഗങ്ങൾ തകരാനും സാധ്യതയുണ്ട്. ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ കലുങ്കിന് കൂടുതൽ ബലക്ഷയം ഉണ്ടാകാൻ സാധ്യതയുണ്ട്.
കൽക്കെട്ട് പുനർനിർമിച്ച് കലുങ്ക് ബലപ്പെടുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
