മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; കോളേജ് വിദ്യാര്‍ഥി മരിച്ചു; ഒരാളുടെ നില ഗുരുതരം; നിരവധി പേര്‍ക്ക് പരിക്ക്

ഇടുക്കി: മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം.

അപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. മൂന്നാറിലെ മാട്ടുപെട്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്.

കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാഗർകോവില്‍ സ്ക്കോട്ട് ക്രിസ്ത്യൻ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിൻ്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

കോളേജ് വിദ്യാര്‍ത്ഥിനിയായ ആദികയാണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള അധ്യാപികയുടെ പരിക്കും സാരമുള്ളതാണെന്നാണ് വിവരം.