ഒളശ്ശ പാലം പുനർനിർമ്മാണം, കോവിഡ് തുടങ്ങിയവയെ തുടർന്ന് നിർത്തിവെച്ച പരിപ്പ്-കോട്ടയം കെഎസ്ആർടിസി സർവീസ് പുന:രാരംഭിക്കുന്നു; തീരുമാനം ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറുമായി അയ്മനം പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ ചർച്ചയ്ക്കൊടുവിൽ; സർവീസ് ഫെബ്രുവരി 15 മുതൽ പുനരാരംഭിക്കും

പരിപ്പ്: ഒളശ്ശ പാലം പുനർനിർമ്മാണം, കോവിഡ് തുടങ്ങിയവയെ തുടർന്ന് നിർത്തിവെച്ച പരിപ്പ് – കോട്ടയം കെഎസ്ആർടിസി സർവീസ് പുന:രാരംഭിക്കുന്നു. പാലം പണി പൂർത്തിയായിട്ടും കോവിഡ് കാലം കഴിഞ്ഞിട്ടും സർവീസ് പുന:രാരംഭിക്കുവാൻ കെഎസ്ആർടിസി തയ്യാറായിരുന്നില്ല.

നിരവധി സംഘടനകൾ അടിയന്തര പ്രാധാന്യത്തോടെ നൽകിയ നിരവധി നിവേദനങ്ങൾക്കും അപേക്ഷകൾക്കും ചവറ്റുകുട്ടയിലായിരുന്നു സ്ഥാനം. സ്വന്തം എംഎൽഎ മന്ത്രിയായിരുന്നിട്ടു കൂടി സർവീസ് പുന:രാരംഭിക്കാൻ കഴിയാതിരുന്നത് പല കോണിൽ നിന്നും വിമർശനമുയർന്നിരുന്നു.

ഈ സർവീസ് സംബന്ധിച്ച് നിരവധി ഉറപ്പുകൾ ലഭിച്ചെങ്കിലും ഒന്നും നടപ്പിലായിരുന്നില്ല. തുടർന്ന് വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായതിനെ തുടർന്ന് അയ്മനം

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സർവീസ് പുന:രാരംഭിക്കുന്നതിന് അനുമതിയായത്. ഈ വരുന്ന ശനിയാഴ്ച (15.02.2025) മുതൽ സർവീസ് സാധാരണഗതിയിൽ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

കോട്ടയത്തു നിന്നും രാത്രി 9.30നും പരിപ്പിൽ നിന്നും രാവിലെ 5.30നും ഉൾപ്പടെയുള്ള ട്രിപ്പുകൾ സമീപ ജില്ലകളിൽ ഉൾപ്പടെ ജോലിയ്ക്ക് പോയി വരുന്നവർക്ക് ഏറെ ഗുണകരമായിരുന്നു. എന്നാൽ, ഈ സർവീസ് നിർത്തലാക്കിയതോടെ പലർക്കും ജോലി ഉപേക്ഷിക്കേണ്ടതായി പോലും വന്നിട്ടുണ്ട്.

വീണ്ടും സർവീസ് തുടങ്ങുമ്പോൾ, രാവിലെ 5.30ന് പരിപ്പിൽ നിന്നും രാത്രി 9.30ന് കോട്ടയത്തു നിന്നും ഉൾപ്പടെയുള്ള ട്രിപ്പുകൾ ഉണ്ടാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.