കഷ്ടപ്പാടും പ്രതിസന്ധിയും കര്‍ഷകര്‍ക്ക്; കിലോയ്ക്ക് കിട്ടുന്ന വില 60 രൂപ; വിപണി വില 160 രൂപ; നട്ടംതിരിഞ്ഞ് ഇഞ്ചി കര്‍ഷകര്‍

കോട്ടയം: ഇഞ്ചിയ്ക്ക് വിപണി വില 160 രൂപ. കർഷകന് കിട്ടുന്നതാകട്ടെ 60 രൂപയും. പ്രതിസന്ധികളെ തരണം ചെയ്ത് കൃഷിയിറക്കിയവരുടെ നെഞ്ചെരിയുകയാണ്.

വിളവെടുപ്പ് ആരംഭിച്ചതോടെ ഇഞ്ചി വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷം റെക്കാഡ് വിലയാണുണ്ടായിരുന്നത്. കിലോയ്ക്ക് 500 രൂപ എന്ന നിരക്കിലാണ് മുൻവർഷം ഇഞ്ചി വിത്ത് വാങ്ങി കർഷകർ കൃഷിയിറക്കിയത്.

എന്നാല്‍ ഒരു കിലോ വിത്തില്‍ നിന്ന് ഇത്തവണ ആറ് കിലോയ്ക്ക് മുകളില്‍ വിളവ് ലഭിച്ചിട്ടില്ല. മുൻ കാലങ്ങളില്‍ 10 കിലോയ്ക്ക് മുകളില്‍ ലഭിച്ചിരുന്നു.

കൊള്ളലാഭം കൊയ്ത് കച്ചവടക്കാർ
വിലയുള്‍പ്പെടെ പ്രിന്റ് ചെയ്ത് വരുന്ന ഡിജിറ്റല്‍ ത്രാസ് ഉപയോഗിക്കുന്ന വൻകിട സ്ഥാപനങ്ങളിലാണ് വിലവ്യത്യാസത്തില്‍ ഇഞ്ചി വില്‍ക്കുന്നത്. കച്ചവടക്കാരുടെ തീ വെട്ടികൊള്ളയ്‌ക്കെതിരെ അളവുതൂക്ക വിഭാഗം നടപടി സ്വീകരിക്കുന്നില്ല.

വില കുറഞ്ഞിട്ടും ത്രാസില്‍ നേരത്തേ ക്രമീകരിച്ചിരിക്കുന്ന വിലയില്‍ പുന:ക്രമീകരണം നടത്താതെ കച്ചവടക്കാർ കൊള്ള നടത്തുകയാണെന്നാണ് ആരോപണം.