വീടിന് ചുറ്റും ചെടികള്‍ നട്ടുവളർത്തുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇനി മുതൽ മീൻ കഴുകിയ വെള്ളം കളയരുതേ; ഇങ്ങനെ ഉപയോഗിച്ചാല്‍ ഇരട്ടി ഗുണം

കോട്ടയം: ചെറിയ രീതിയിലെങ്കിലും വീടിന് ചുറ്റും ചെടികള്‍ നട്ടുവളർത്താത്തവരായി ആരും തന്നെ കാണില്ല.

ഫ്ലാറ്റില്‍ താമസിക്കുന്നവർ വരെ ബാല്‍ക്കണിയില്‍ ചില പച്ചക്കറികള്‍ നട്ടുവളർത്താറുണ്ട്.
ഇവയെ പരിപാലിക്കാനും വളം ഇടാനും കുറച്ച്‌ പാടാണ്. എന്നാല്‍ അടുക്കളില്‍ നിന്ന് നാം പുറത്ത് കളയുന്ന പലതും ഇവയ്ക്ക് വളമാണെന്ന് പലരും തിരിച്ചറിയുന്നില്ല.

അത്തരത്തില്‍ ഒന്നാണ് മീൻ കഴുകിയ വെള്ളം. മുട്ടത്തോടും കഞ്ഞിവെള്ളവും പോലെ മീൻ കഴുകിയ വെള്ളവും ചെടികളില്‍ ഒഴിക്കുന്നത് അവയുടെ വളർച്ചയെ വളരെയധികം സഹായിക്കുന്നു.

മീനിന്റെ തലയിലും മറ്റ് അവശിഷ്ടങ്ങളിലും ചെടിയുടെ വളർച്ചയ്ക്ക് ആവശ്യമായ നിരവധി പോഷക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മീനിന്റെ അവശിഷ്ടങ്ങള്‍ ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ നല്ല ആഴത്തില്‍ കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ പച്ചക്കറി തെെകളോ പൂച്ചെടികളോ നടുന്നതാണ് നല്ലത്.

ഇത് ചെടി വേഗം വളരുന്നതിന് സഹായിക്കുന്നു. നട്ട ചെടികളില്‍ ഇടയ്ക്ക് മീൻ കഴുകിയ വെള്ളം ഒഴിച്ച്‌ കൊടുക്കുക. വേര് പൊട്ടാതെ ചെടിയുടെ ചുവട്ടില്‍ കുഴികുഴിച്ചിട്ട് വേണം വെള്ളം ഒഴിക്കാൻ. ഇത് ചെടിക്ക് ഗുണം ചെയ്യുന്നു.

മീൻ കഴുകിയ വെള്ളത്തില്‍ അല്പം ശർക്കര ചേർത്ത് ഒരു ദിവസം മാറ്റിവയ്ക്കുക. അടുത്തദിവസം ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് പച്ചക്കറി തെെകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് ചെടിയിലെ മഞ്ഞളിപ്പ്, തെെ മുരടിപ്പ്, കായ് ഫലം ഇല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്.