പായിപ്പാട്: ജില്ലയിൽ ഏറ്റവുമധികം അതിഥിത്തൊഴിലാളികൾ തിങ്ങി പാർക്കുന്ന മേഖലയായ പായിപ്പാടിൽ അതിഥിത്തൊഴിലാളികൾ അനധികൃതമായി കച്ചവടങ്ങളും ലഹരി വിൽപനയും നടത്തുന്നത് വ്യാപകമാകുന്നു.
കവലയിൽ ഇവരുണ്ടാക്കുന്ന ആക്രമണങ്ങളും കയ്യേറ്റങ്ങളും പതിവാകുമ്പോൾ വ്യാപാരികൾ എതിർപ്പുമായി രംഗത്ത് വരാറുമുണ്ട്. കോവിഡ് സമയത്ത് ലോക്ഡൗൺ ലംഘിച്ച് പായിപ്പാട് അതിഥിത്തൊഴിലാളികൾ സംഘടിച്ചത് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവമായിരുന്നു.
പരിശോധനകളോ വിവരങ്ങളോ ഇല്ലാതെ നിയമവിരുദ്ധമായി ദിനംപ്രതി ഒരുപാട് അതിഥിത്തൊഴിലാളികൾ എത്തുന്നുണ്ടെന്നും അധികൃതർ. നടപടിയെടുത്തില്ലെങ്കിൽ ഇവർ നിയമവിരുദ്ധമായി സംഘടിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.
പുലർച്ചെ മുതൽ പായിപ്പാട് കവലയിൽ എത്തുന്നത് ആയിരക്കണക്കിന് അതിഥിത്തൊഴിലാളികളാണ്. ഇവരെ പ്രതീക്ഷിച്ച് കച്ചവടക്കാരായ അതിഥിത്തൊഴിലാളികൾ താൽക്കാലിക തട്ടുകടകൾ തുറക്കും. റോഡും നടപ്പാതയും കയ്യേറിയാണു പലപ്പോഴും കച്ചവടമെന്ന് വ്യാപാരികൾ പറയുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളാണ് പാചകം ചെയ്യുന്നത്.
പഞ്ചായത്തിന്റെയോ ഭക്ഷ്യസുരക്ഷ വകുപ്പിന്റെയോ അനുമതിയില്ലാതെയാണ് ഭൂരിഭാഗം കടകളും പ്രവർത്തിക്കുന്നത്. തട്ടുകടകളിലെ ഭക്ഷണാവശിഷ്ടങ്ങളും മലിനജലവും കവലയിൽ തന്നെ തള്ളുകയാണെന്നും വ്യാപാരികൾ പറയുന്നു. അതിഥിത്തൊഴിലാളികളുടെ ക്യാംപിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാചകം ചെയ്ത് കൊണ്ട് വന്നു വിൽപന നടത്തുന്നവരുമുണ്ട്.
തൊഴിലാളികളെ സൈറ്റിലേക്ക് കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ റോഡ് കയ്യേറി പാർക്ക് ചെയ്യുന്നത് കാരണം രാവിലെ മുതൽ ഗതാഗതക്കുരുക്കാണ്. നിരോധിത ലഹരി വസ്തുക്കളുടെ വിൽപനയും കവലയിൽ വ്യാപകമാണ്. വിൽപനയ്ക്കായി പ്രത്യേക സംഘങ്ങളുണ്ട്. കവലയിലെ ചില സ്പോട്ടുകളിലാണ് വിൽപനക്കാർ ഇരിക്കുന്നത്.
