കടുത്തുരുത്തി: ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആഴ്ചകളായി റോഡരികിലും പറമ്പിലും കിടക്കുന്നു. കടുത്തുരുത്തി പഞ്ചായത്ത് അഞ്ചാം വാർഡിൽ അലരി – ഇടമ്പാടം– കടുത്തുരുത്തി റോഡരികിലും സമീപമുള്ള പറമ്പുകളിലുമാണു ചാക്കിൽ കെട്ടി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.
ഹരിതകർമസേന വീടുകളിൽ നിന്നു ശേഖരിച്ചു കൊണ്ടുവന്ന മാലിന്യങ്ങളാണ് ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്നത് എന്നാണ് ആക്ഷേപം. റോഡരികിൽ ക്ലീനാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന എംസിഎഫുകൾ മാസങ്ങളായി നിറഞ്ഞു കവിഞ്ഞ നിലയിലാണ്. ഇതിനു പുറമേയാണ് എംസിഎഫിനു ചുറ്റും സമീപമുള്ള പറമ്പിലും മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്.
വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചാണു ക്ലീൻ കേരള കമ്പനി ഏറ്റെടുക്കുന്നത്. മാസത്തിൽ ഒരു തവണയാണു മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പഞ്ചായത്തിൽ ക്ലീൻ കേരള കമ്പനിയുടെ വാഹനം എത്തുന്നത്. ആഴ്ചകളായി മാലിന്യം നീക്കാത്തതു മൂലം പരിസര വാസികൾക്കു വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
മാലിന്യങ്ങൾ തെരുവുനായ്ക്കൾ വലിച്ചിഴച്ചു വീടുകളിൽ എത്തിക്കുന്നതും പക്ഷികൾ മാലിന്യങ്ങൾ കൊത്തിവലിച്ചു കിണറുകളിലും മറ്റും കൊണ്ടുവന്നിടുന്നതും പതിവാണെന്നു പരിസരവാസികൾ പറഞ്ഞു. മാലിന്യം തള്ളൽ കേന്ദ്രം തെരുവുനായ്ക്കളുടെ കേന്ദ്രം കൂടിയായി മാറിയിട്ടുണ്ട്.
