കോട്ടയം: പാലായില്‍ നിന്ന് വയോധികനെ കാണാതായിട്ട് ഒരുമാസത്തോടടുക്കുന്നു.
എങ്കിലും ഇതുവരെ യാതൊരു വിവരവും ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കോട്ടയം മീനച്ചില്‍ സ്വദേശിയാണ് കാണാതായ മാത്യു തോമസ്.
ഡോഗ് സ്ക്വാഡിനെ ഉള്‍പ്പെടെ എത്തിച്ച് വീടിന് പരിസരത്ത് തെരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ മാസം 21നാണ് അയല്‍വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞിറങ്ങിയ മാത്യു തോമസിനെ കാണാതാവുന്നത്.
കാണാതാവുമ്പോള്‍ മാത്യുവിന്റെ കൈയില്‍ മൊബൈല്‍ ഫോണോ പണമോ ഇല്ലായിരുന്നു. ഒരു മാസമായിട്ടും കാര്യമായ സൂചന കിട്ടാതെ വന്നതോടെയാണ് പാലാ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിശദമായ തെരച്ചില്‍ നടത്തിയത്.
കൊച്ചിയില്‍ നിന്ന് കെഡാവർ നായകളെ എത്തിച്ച് വീടിന് പരിസരവും അടുത്തുളള റബ്ബർ തോട്ടവുമൊക്കെ പരിശോധിച്ചു. എന്നിട്ടും കാര്യമായ സൂചനകളൊന്നുമില്ല.
നേരത്തെ ഒരുതവണ മാത്യു തോമസിനെ കാണാതായിരുന്നു. അന്ന് അവശ നിലയില്‍ വഴിയോരത്ത് വീണുകിടന്ന മാത്യു തോമസ് രാത്രിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. മാത്യുവിന്റെ വീട്ടിലോ പരിസരത്തോ, സിസിടിവി ക്യാമറകള്‍ ഇല്ലാത്തതും പ്രധാന റോഡുകളിലെ സിസിടിവി ക്യാമറകളില്‍ ഇദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പതിയാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.
