ചെന്നൈയിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു; തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് രോഗബാധ

തമിഴ്നാട്: ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങള്‍ക്ക് പിന്നാലെ ചെന്നൈയിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു.

തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളില്‍ 2 കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ ഹ്യൂമണ്‍ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ആറ് എച്ച്‌എംപിവി കേസുകള്‍ റിപ്പോർട്ട് ചെയ്തു.

ബെംഗളുരുവില്‍ രണ്ടും ചെന്നൈയില്‍ രണ്ടും അഹമ്മദാബാദിലും കൊല്‍ക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്‌എംപിവി എന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു.

യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ എട്ടും മൂന്നും മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനുമാണ് രോഗബാധ കണ്ടെത്തിയത്. ബ്രോങ്കോ ന്യുമോണിയ ബാധിച്ച്‌ ചികിത്സ തേടിയ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് കഴിഞ്ഞയാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്.

അഡ്മിറ്റ് ചെയ്ത കുഞ്ഞിന്‍റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുഞ്ഞിനെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് വൈറസ് ബാധയുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചത്.