കോയമ്പത്തൂർ: എല്‍ പി ജി ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച.
കോയമ്പത്തൂരിലെ അവിനാശി റോഡ് മേല്‍പ്പാലത്തില്‍ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.
കൊച്ചിയില്‍ നിന്ന് 18 ടണ്‍ പാചക വാതകം നിറച്ച് കോയമ്പത്തൂർ ഗോഡൗണിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് മറിഞ്ഞത്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി പി സി എല്‍) വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഫ്ളൈ ഓവറിലെത്തിയപ്പോള്‍ ടാങ്കർ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. അപകടത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു.
വാതക ചോർച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ടാങ്കർ ലോറി ഡ്രൈവർ അഗ്നിശമന സേനയെ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്‌സും ബി പി സി എല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
വെള്ളം പമ്പ് ചെയ്‌ത് സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ടാങ്കർ ലോറി ഉയർത്താൻ ക്രെയിൻ കൊണ്ടുവന്നിട്ടുണ്ട്. മറ്റൊരു ടാങ്കർ ലോറി കൊണ്ടുവന്ന് അതിലേക്ക് പാചക വാതകം മാറ്റാൻ ശ്രമിച്ചേക്കുമെന്നാണ് സൂചന.
