പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി നാളെ; പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങള്‍

കൊച്ചി: കേരള മനസാക്ഷിയെ പിടിച്ചുലച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ നാളെ പ്രഖ്യാപിക്കും.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാവും ഉദുമ മുൻ എം എല്‍ എയുമായ കെ വി കുഞ്ഞിരാമൻ, ഉദുമ സി പി എം മുൻ ഏരിയ സെക്രട്ടറി കെ മണികണ്‌ഠൻ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഒന്ന് മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 10 പ്രതികളെ കുറ്റവിമുക്തരാക്കി.

20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്ക് ശേഷമാണ് സിബിഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി എ പീതാംബരൻ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയത്.