മലയാളികള്‍ക്ക് റയില്‍വെയുടെ പുതുവത്സര സമ്മാനം; തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂടും

തിരുവനന്തപുരം: മലയാളികള്‍ക്ക് റയില്‍വെയുടെ പുതുവത്സര സമ്മാനം.

തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുന്നു. നിലവില്‍ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള ട്രെയിനാകും സർവീസ് നടത്തുക. ഇതിനായി പുതിയ റേക്ക് എത്തിച്ചിട്ടുണ്ട്.

റെയില്‍വേ ബോർഡാണ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. കോച്ചുകള്‍ കൂടുന്നതിനായി പുതിയ റേക്ക് തന്നെയാണ് എത്തിച്ചതോടെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.

നിലവില്‍ ഈ വന്ദേഭാരതിന് എട്ട് കോച്ചുകള്‍ മാത്രമാണുള്ളത്.
രാജ്യത്ത് 183ശതമാനം വരെ ഒക്യുപെൻസിയുള്ള ട്രെയിനാണ് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത്. ഇതില്‍ കണ്‍ഫേം ടിക്കറ്റ് കിട്ടുക ഏറെ പ്രയാസമായിരുന്ന സ്ഥിതിക്ക് ഇതോടെ മാറ്റം വരുമെന്നാണ് വിശ്വാസം.

എന്നാല്‍ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – മംഗളൂരു വന്ദേഭാരതിലെ എട്ട് കോച്ചുകള്‍ 16 എണ്ണം ആക്കുക, എറണാകുളം – ബംഗളൂരു, തിരുവനന്തപുരം – കോയമ്പത്തൂർ വന്ദേഭാരത് സർവീസുകള്‍ തുടങ്ങുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. സംസ്ഥാനത്ത് രണ്ട് വന്ദേഭാരത് സർവ്വീസുകളാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും വരുമാനമുള്ളതുമായ വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിലുള്ളത്.