ചെന്നൈ: മദ്യലഹരിയില്‍ രണ്ടാം നിലയില്‍ നിന്ന് ചാടിയ പൊലീസുകാരൻ വീണത് മതിലില്‍ സ്ഥാപിച്ച ഇരുമ്പ് കമ്പികളിലേക്ക്.
പുറത്തും സ്വകാര്യ ഭാഗത്തും അടക്കം കമ്പി തുളച്ച് കയറിയ 30കാരന് ദാരുണാന്ത്യം. ചെന്നൈയിലെ കെ കെ നഗറിലാണ് സംഭവം. സെല്‍വകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.
തമിഴ്നാട് വൈദ്യുതി വകുപ്പിലെ എൻജിനീയറായ സഹോദരനും ചെങ്കല്‍പേട്ടിലെ വനിതാ കോടതിയിലെ ജഡ്ജുമായ സഹോദര ഭാര്യയ്ക്കും ഒപ്പമായിരുന്നു സെല്‍വകുമാർ താമസിച്ചിരുന്നത്.
വെള്ളിയാഴ്ച രാത്രി 9.30ഓടെ ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി സഹോദരനുമായി തർക്കത്തിലായി.
വാക്കേറ്റത്തിനിടെ സഹോദരനേയും സഹോദര ഭാര്യയേയും മുറിയില്‍ പൂട്ടിയിട്ട ശേഷം ഇയാള്‍ വീട്ടിലെ സാധനങ്ങള്‍ എല്ലാം അടിച്ച് തകർത്തു. പിന്നാലെ ടെറസിലെത്തിയ ടെറസിലുണ്ടായിരുന്ന വസ്തുക്കളും തകർത്തു. മുറിയില്‍ നിന്ന് പുറത്തിറങ്ങാൻ പറ്റാതിരുന്ന സഹോദരൻ ഇതോടെ പൊലീസിലും അയല്‍ക്കാരേയും സഹായത്തിന് വിളിച്ചു.
വീട്ടിലേക്ക് എത്തിയ ആളുകള്‍ വാതില്‍ തുറക്കാൻ ശ്രമിക്കുകയും പൊലീസുകാരനോട് താഴേയ്ക്ക് ഇറങ്ങി വരാനും ആവശ്യപ്പെട്ടു. പൊലീസ് കൂടി സ്ഥലത്തേക്ക് എത്തുന്നുണ്ടെന്ന് മനസിലായ പൊലീസുകാരൻ വീടിന്റെ രണ്ടാം നിലയിലെ പാരപ്പെറ്റില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.
എന്നാല്‍ ഗേറ്റിന് പുറത്തേക്ക് ചാടിയ 30കാരൻ വീണത് മതിലില്‍ വച്ചിരുന്ന ഇരുമ്പ് കമ്പികളിലേക്കായിരുന്നു. സ്വകാര്യ ഭാഗത്ത് അടക്കം ഇരുമ്പ് കമ്പി കുത്തിക്കയറി ഗുരുതര പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
