തിരുവനന്തപുരം: സ്കൂള്‍ ക്രിസ്മസ് പരീക്ഷയ്ക്കുള്ള ചില ചോദ്യപേപ്പറുകള്‍ യൂട്യൂബ് ചാനല്‍ വഴി ചോർന്ന സംഭവത്തില്‍ അടിമുടി ദുരൂഹത.
സംഭവത്തില്‍ ചോദ്യപേപ്പർ തയ്യാറാക്കിയവരില്‍ നിന്നും യൂട്യൂബ് ചാനല്‍ പ്രതിനിധികളില്‍ നിന്നും പൊലീസ് ഉടൻ മൊഴിയെടുത്തേക്കും. പുനഃപരീക്ഷ നടത്താനുള്ള സാദ്ധ്യത കുറവാണെന്നാണ് വിവരം.
ഡി.ജി.പിക്കും സൈബർ സെല്ലിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ പരാതി നല്‍കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സിയുടെ ഇംഗ്ലീഷ്, പ്ലസ് വണിലെ മാത്തമാറ്റിക്സ് പരീക്ഷകളുടെ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടത്.
ഗൗരവമുള്ള സംഭവമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. വകുപ്പുതല നടപടിയെക്കുറിച്ച് ആലോചിക്കാൻ അടുത്ത ദിവസം ഉന്നതതല യോഗം ചേരും.
അദ്ധ്യാപകരുടെ സ്വകാര്യ ട്യൂഷൻ ക്ലാസിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പരീക്ഷ റദ്ദാക്കണമെന്ന് കെ എസ് യു ആവശ്യപ്പെട്ടു.
