‘വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കും’: പുതിയ ടൈംടേബിളില്‍ ഇത് പരിഹരിക്കുമെന്ന് വി മുരളീധരന്‍

ചെങ്ങന്നൂര്‍: വന്ദേഭാരത് എക്സ്പ്രസിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.

പുതിയ ടൈംടേബിളില്‍ ഇക്കാര്യം പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂരില്‍ സ്റ്റോപ് അനുവദിച്ചതിന് പിന്നാലെ നാട്ടുകാര്‍ വന്ദേഭാരതിനൊരുക്കിയ സ്വീകരണത്തിലാണ് ട്രെയിനുകള്‍ വൈകുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.

കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക‌്‌സ്‌പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ച്‌ കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ വന്ദേഭാരതിന് ചെങ്ങന്നൂരില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നൂറുകണക്കിനുപേരാണ് സ്വീകരിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്.

ശബരിമല തീര്‍ഥാടകരുടെ സൗകര്യംകൂടി കണക്കിലെടുത്ത് കൊണ്ടാണ് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്.