സിനിമ കാണിക്കാൻ പുറത്തിറക്കി; മോഷണക്കേസില്‍ റിമാൻഡിലായിരുന്ന പ്രതി ജീവനക്കാരെ കബളിപ്പിച്ച്‌ ജയില്‍ ചാടി

കോഴിക്കോട്: മോഷണക്കേസില്‍ റിമാൻഡിലായിരുന്ന തടവു പുള്ളി ജയില്‍ ചാടി.

ജില്ലാ ജയിലില്‍ നിന്നും പുതിയങ്ങാടി സ്വദേശി മുഹമ്മദ് സഫാദാണ് രക്ഷപ്പെട്ടത്.
ഞായറാഴ്ചകളില്‍ കോഴിക്കോട് ജില്ലാ ജയിലിലെ തടവുകാരെ ടെലിവിഷന്‍ കാണാൻ സെല്ലില്‍ നിന്നും പുറത്തിറക്കാറുണ്ടായിരുന്നു. ഇന്നും പതിവുപോലെ രാവിലെ പത്തുമണിയോടെ തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയ സമയത്താണ് ബാത്ത്റൂമില്‍ പോകാനുണ്ടെന്ന് പറഞ്ഞ് മുഹമ്മദ് സഫാദ് രക്ഷപ്പെട്ടത്.

സാഹസികമായി മതില്‍ ചാടിയാണ് സഫാദിന്റെ രക്ഷപ്പെടല്‍. ഒരു മോഷണക്കേസില്‍ റിമാന്‍ഡിലായ സഫാദിനെ കഴിഞ്ഞ മാസം പതിനേഴിനാണ് കോഴിക്കോട് ജില്ലാ ജയിലില്‍ കൊണ്ടുവന്നത്.

സംഭവത്തില്‍ കസബ പൊലീസ് കേസെടുത്തു. മറ്റ് സ്റ്റേഷനുകളിലേക്കെല്ലാം വിവരം കൈമാറിയിട്ടുമുണ്ട്. ബസ് സ്റ്റാന്‍ഡുകളിലും ഇയാളുടെ സ്വദേശമായ പുതിയങ്ങാടി കേന്ദ്രീകരിച്ചും മറ്റും അന്വേഷണം പുരോഗമിക്കുകയാണ്.