കുട്ടികള്‍ സൃഷ്ടിക്കും ‘മാലിന്യമുക്തകേരളം’; പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളില്‍ മഷിപ്പേന മടങ്ങിവരുന്നു

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളില്‍ മഷിപ്പേന മടങ്ങിവരുന്നു.

‘മാലിന്യമുക്ത നവകേരള’ത്തിന്റെ ഭാഗമായി സ്കൂളുകള്‍ ഹരിതവിദ്യാലയങ്ങളാക്കാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ മാർഗരേഖയിലാണ് ഈ നിർദേശം.
പരിപാടികളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കി, സ്റ്റീല്‍ പാത്രവും ഗ്ലാസും മാത്രം ഉപയോഗിക്കാനും ബാഗും വാട്ടർബോട്ടിലുമൊക്കെ പ്ലാസ്റ്റിക് രഹിതമാക്കാനും മാർഗരേഖയിലുണ്ട്.

മാലിന്യനിർമാർജന പരിപാടികളുടെ ആശയവും നിർദേശങ്ങളും സമാഹരിക്കാൻ ഗ്രാമസഭകളുടെ മാതൃകയില്‍ സ്കൂളുകളില്‍ ക്ലാസ് സഭകളും സംഘടിപ്പിക്കും. ഡിസംബർ 31-നുള്ളില്‍ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയങ്ങളായി മാറ്റാനാണ് പരിപാടി.

റിപ്പബ്ലിക് ദിനത്തോടെ വിദ്യാലയങ്ങളിലെല്ലാം ഖര-ദ്രവ മാലിന്യസംസ്കരണത്തിന് സ്ഥിരംസംവിധാനമൊരുക്കണം. പ്രവേശനം മുതല്‍ സ്കൂള്‍ പഠനം പൂർത്തിയാവുന്നതുവരെ പാഴ്വസ്തുപരിപാലനത്തില്‍ ‘പഠനത്തിലൂടെ പ്രവൃത്തി, പ്രവൃത്തിയിലൂടെ പഠനം’ എന്ന അനുഭവം ലഭ്യമാക്കാൻകൂടിയാണ് ഹരിതവിദ്യാലയം പരിപാടി.

വിവിധ മിഷനുകളും കുടുംബശ്രീ, ക്ലീൻകേരള കമ്ബനി തുടങ്ങിയവയുമായി സഹകരിച്ചുള്ള പദ്ധതിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് ഏകോപനച്ചുമതല.