വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ പാറക്കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി ബിജു(40)വാണ് ചികിത്സയിലിരിക്കെ മരിച്ചത്.

പ്രതിയായ കൊല്ലം മടത്തറ സ്വദേശി രാജീവ് നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. കഴിഞ്ഞ 17-ാം തിയതിയാണ് സംഭവം. പ്രതി രാജീവ് മകളെ വിവാഹം ചെയ്ത് നൽകണമെന്ന ആവശ്യവുമായി പിതാവ് ബിജുവിനെ സമീപിച്ചിരുന്നു.

എന്നാൽ, മകൾക്ക് വിവാഹപ്രായം ആയിട്ടില്ലെന്ന കാരണം പറഞ്ഞ് ബിജു ഇത് നിരസിക്കുകയായിരുന്നു. ഈ വിദ്വേഷത്തിന്റെ പുറത്താണ് പ്രതി പെൺകുട്ടിയുടെ അച്ഛനെ ആക്രമിച്ചത്. രാത്രിയിൽ വീടിനടുത്തുള്ള ജംഗ്‌ഷനിൽ വച്ച് ഇയാൾ ബിജുവിനെ മർദ്ദിക്കുകയായിരുന്നു.

നിലത്തുവീണ ബിജുവിന്റെ തലയിൽ പ്രതി പാറക്കല്ല് ഉപയോഗിച്ച് ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ബിജു മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്.