തിരുവനന്തപുരം: പാലക്കാട്ടെ തോല്‍വിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി.
സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകും.
നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്.
ചേലക്കരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ വിമർശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതല്‍ നേതാക്കള്‍.
ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാടും വയനാടും വെച്ച് യുഡിഎഫിന് ആഹ്ളാദിക്കാം. ചേലക്കര ഉന്നയിച്ച് എല്‍ഡിഎഫിനും. എന്നാല്‍, കേരളം പിടിക്കാനിറങ്ങുന്ന ബിജെപിക്ക് ബാക്കിയുള്ളത് കടുത്ത നിരാശ.
സംസ്ഥാനത്ത് പാർട്ടി ഏറ്റവും പ്രതീക്ഷ വെച്ച മികച്ച സംഘടനാ സംവിധാനമുള്ള പാലക്കാടാണ് തോറ്റത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യിലുള്ള പാലക്കാട് നഗരസഭയില്‍ പോലും കടുത്ത നിരാശയാണുണ്ടായത്.
