തൂക്കുപാലത്തെ ചന്ദന മോഷണം; 45 കിലോ ചന്ദനം കൂടി കണ്ടെടുത്തു; പിടിയിലായത് അന്തര്‍സംസ്ഥാന ചന്ദന മോഷണ മാഫിയയുടെ കണ്ണി

നെടുങ്കണ്ടം: തിങ്കളാഴ്ച തൂക്കുപാലത്തു നിന്ന് പിടിയിലായ ചോറ്റുപാറ കളത്തില്‍ ബാബു സൂക്ഷിച്ച 45 കിലോ ചന്ദനംകൂടി വനപാലകര്‍ കണ്ടെടുത്തു.

ഇയാളുടെ വീടിന് സമീപം ആളൊഴിഞ്ഞ വീട്ടിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ചന്ദനം കടത്താന്‍ ഉപയോഗിച്ച കാറും വനപാലകര്‍ കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച ബാബു ഉള്‍പ്പെടെ അഞ്ചുപേരെയാണ് അറസ്റ്റുചെയ്തത്. പ്രതികളില്‍നിന്നും 55 കിലോ ഉണക്കചന്ദനക്കാതല്‍ പിടികൂടിയിരുന്നു.

ഇവര്‍ അന്തര്‍സംസ്ഥാന ചന്ദന മോഷണ മാഫിയയുടെ കണ്ണികളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കേസിലെ മുഖ്യസൂത്രധാരനായ അഖില്‍ കര്‍ണാടകത്തിലേക്ക് കടന്നതായി സൂചനയുണ്ട്.