ക്ഷേത്രത്തിന് സമീപം യുവതിയുടെ ചിക്കൻ ബര്‍ഗര്‍ കച്ചവടം; കളക്ടര്‍ക്ക് പരാതി നല്‍കി ദേവസ്വം ബോര്‍ഡ്

കൊച്ചി: ക്ഷേത്രത്തിന് സമീപം യുവതി ആരംഭിച്ച ചിക്കൻ ബർഗർ കടയ്ക്കെതികെ കളക്ടർക്ക് പരാതി നല്‍കി ദേവസ്വം ബോർഡ്.

കൊച്ചിൻ ദേവസ്വം ബോർഡാണ് ക്ഷേത്ര പരിസരത്ത് മാംസ ഭക്ഷണങ്ങള്‍ വില്‍ക്കുന്നതിനെതിരെ കളക്ടർക്ക് പരാതി നല്‍കിയത്. എറണാകുളം ശിവക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഡർബാർ ഹാള്‍ ആർട്ട് ഗാലറി കോഫീഷോപ്പിലെ ചിക്കൻ, ചീസ് ബർഗറുകളുടെ വില്പനയാണ് വിവാദമാകുന്നത്.

ഇതിനെതിരെ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡർബാർ ഹാള്‍ ആർട്ട് ഗാലറി കോഫീഷോപ്പില്‍ ഒരു യുവതി ചിക്കൻ, ചീസ് ബർഗറുകളുടെ വില്പന നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

ഡർബാർ ഹാള്‍ ഗ്രൗണ്ടിന്റെ ഭാഗമായ ആർട്ട് ഗാലറിയില്‍ മാംസഭക്ഷണങ്ങള്‍ വില്‍ക്കുന്നത് ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നും കാണിച്ച്‌ എറണാകുളം ദേവസ്വം ഓഫീസർ അഖില്‍ ദാമോദരൻ ഇന്നലെ ജില്ലാ കളക്ടർക്ക് പരാതി നല്‍കി. നിരവധി ഭക്തർ പരാതി പറഞ്ഞിട്ടുണ്ടെന്നും സമരപരിപാടികള്‍ തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.