അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം; നാലര പവന്‍ സ്വർണവും 30,000 രൂപയും 150 ഒമാനി റിയാലും കവർന്നു; ബന്ധുവീട്ടില്‍ പോയി തിരിച്ചെത്തിയ കുടുംബത്തെ കണ്ട് ഇറങ്ങിയോടിയ മോഷ്ടാക്കള്‍ക്കായി അന്വേഷണം ഊർ‍ജിതം

ചങ്ങരംകുളം: വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. നാലര പവന്‍ സ്വർണവും 30,000 രൂപയും 150 ഒമാനി റിയാലും കവർന്നു. വളയംകുളം അസ്സബാഹ് കോളജിനടുത്ത് താമസിക്കുന്ന ചെറുകര റഫീക്കിന്റെ വീട്ടിലാണ് വ്യാഴാഴ്ച കവര്‍ച്ച നടന്നത്.

ബന്ധുവീട്ടില്‍ പോയി രാവിലെ നാല് മണിയോടെ തിരിച്ചെത്തിയ റഫീക്കിനെയും കുടുംബത്തെയും കണ്ടതോടെ മോഷ്ടാക്കള്‍ ഇറങ്ങി ഓടുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച സ്വർണാഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്ത് നിന്ന് എത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മോഷണം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. മോഷ്ടാക്കളുടെതെന്ന് സംശയിക്കുന്ന ബൈക്ക് റോഡരികില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

രക്ഷപ്പെട്ട മോഷ്ടാക്കള്‍ ഒരു കിലോ മീറ്റര്‍ അകലെയുള്ള പാവിട്ടപ്പുറത്ത് ഹാരിസ് എന്നയാളുടെ വീട്ടിലെ ബൈക്ക് എടുത്താണ് രക്ഷപ്പെട്ടതെന്നാണ് വിവരം. തെളിവെടുപ്പിന് എത്തിച്ച പോലീസ് നായ മണം പിടിച്ച് ബൈക്ക് മോഷണം പോയ ഹാരിസിന്റെ വീടിനടുത്തേക്കാണ് ഓടിക്കയറിയത്. സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.