പരിശീലകന്റെ റോളില്‍ ശ്രീജേഷിന് വിജയത്തുടക്കം; ജോഹര്‍ കപ്പില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യ

ജോഹര്‍: ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനായി ഇന്ന് അരങ്ങേറ്റം പി.ആർ ശ്രീജേഷിന് വിജയത്തുടക്കം.

അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കിയില്‍ ശ്രീജേഷ് പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ജൂനിയര്‍ ടീം മിന്നും വിജയം സ്വന്തമാക്കി. ജപ്പാനെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

ജപ്പാനെതിരേ മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ആമിര്‍ അലിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

എന്നാല്‍ വൈകാതെ ജപ്പാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. 26-ാം മിനിറ്റില്‍ സുബാസ തനാക്കയാണ് സമനില ഗോളടിച്ചത്. ആദ്യ പകുതി സമനിലയില്‍ അവസാനിച്ചെങ്കിലും മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി.

ഗുര്‍ജോത് സിങ്ങ് 36-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 44-ാം മിനിറ്റില്‍ ആനന്ദ് സൗരബ് ലീഡ് വീണ്ടും ഉയര്‍ത്തി. അവസാന ക്വാര്‍ട്ടറില്‍ അങ്കിത് പാല്‍ നാലാം ഗോളും നേടിയതോടെ ഇന്ത്യ ജയമുറപ്പിച്ചു. 57-ാം മിനിറ്റില്‍ രകുസെയി രമനകെ ജപ്പാന്റെ രണ്ടാം ഗോള്‍ നേടിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.