എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് യാത്രയയപ്പ് ചടങ്ങിന് ധരിച്ചിരുന്ന അതേ വേഷത്തിൽ; കളക്ടറേറ്റിൽ പൊതുദർശനത്തിന് താൽപര്യമില്ലെന്ന് കുടുംബം

കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് യാത്രയയപ്പ് ചടങ്ങിന് ധരിച്ചിരുന്ന അതേ വേഷത്തിലെന്ന് റിപ്പോർട്ട്. ഉച്ചയോടെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി.

മരണം സംഭവിച്ചത് പുലർച്ചെ നാലു മണിക്ക് ശേഷമാണെന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.

എഡിഎമ്മിന്റെ ക്വാർട്ടേഴ്സിൽ കണ്ണൂർ തഹസിൽദാർ ഇൻ ചാർജ് സി കെ ഷാജിയാണ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയത്. കണ്ണൂർ റവന്യു വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും പത്തനംതിട്ടയിലേക്ക് മൃതദേഹത്തെ അനുഗമിക്കും.

അതേസമയം കളക്ടറേറ്റിൽ പൊതുദർശനത്തിന് ആലോചിച്ചിരുന്നുവെങ്കിലും വീട്ടുകാർ അതിനോട് താൽപര്യം പ്രകടിപ്പിച്ചില്ല. ഇതേ തുടർന്ന് അത് വേണ്ടെന്ന് വച്ചു. സംഭവത്തിൽ കളക്ടറേറ്റ് ജീവനക്കാരിൽ നിന്നടക്കം ഉയരുന്ന പ്രതിഷേധവും കണക്കിലെടുത്തിരുന്നു.

സഹപ്രവർത്തകരായിരുന്ന ഉദ്യോഗസ്ഥർ ഇരുന്ന വേദിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കടുത്ത അധിക്ഷേപം നേരിടേണ്ടി വന്ന നവീൻ ബാബു അതിന്റെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങൾ.

ഇന്നലെ രാത്രി ട്രെയിൻ കയറി രാവിലെ ചെങ്ങന്നൂരിൽ എത്തുമെന്നാണ് നവീൻ ബാബു കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ, ട്രെയിനിൽ കാണാത്തതിനെ തുടർന്നാണ് ഇവർ കണ്ണൂരിലെ സഹപ്രവർത്തകരെ വിവരം അറിയിച്ചത്. ഇവർ നോക്കിയപ്പോഴാണ് താമസിച്ചിരുന്ന സ്ഥലത്ത് മരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടത്.

അതിനിടെ എഡിഎമ്മിന്റെ മരണം സംബന്ധിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് കളക്ടർ റിപ്പോർട്ടിൽ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദമായ റിപ്പോർട്ട് കളക്ടർ മന്ത്രിക്ക് സമർപ്പിക്കും.