ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; നിർണായക വിവരങ്ങൾ പുറത്ത്; കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാ​ഗ്യമെന്ന് സൂചന; അക്രമി ‘എന്റെ പെണ്ണിനെ നീ നോക്കുമോടാ..’? എന്ന് ആക്രോശിച്ചുവെന്ന് ദൃക്‌സാക്ഷികള്‍

എറണാകുളം: കളമശ്ശേരിയിൽ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ ആണ് കൊല്ലപ്പെട്ടത്. അസ്ത്ര ബസിലെ കണ്ടക്ടർ ആയിരുന്നു ഇയാള്‍. കളമശേരി എച്ച്‌എംടി ജംക്‌ഷനില്‍ വച്ചാണ് സംഭവം. അനീഷിനെ കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

മാസ്‌ക് ധരിച്ചെത്തിയ അക്രമി ബസിനുള്ളില്‍ കയറി കണ്ടക്ടറെ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. ‘എന്റെ പെണ്ണിനെ നീ നോക്കുമോടാ..’?’ എന്നും അക്രമി ആക്രോശിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാർക്കിടയില്‍ പരിഭ്രാന്തി പരത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹം കളമശേരി മെഡിക്കല്‍ കേളേജിലേക്ക് മാറ്റി. കൊല നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെടുന്നത് സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.