പിണറായി വിജയനും എംകെ സ്റ്റാലിനും ഭായി ഭായി എന്ന് പറഞ്ഞു നടക്കുന്നു, ഇവര്‍ ഒരു മണിക്കൂര്‍ ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ, ഡാം പൊട്ടുമോ ഇല്ലയോ എന്നതാണ് നിലവിലെ ചര്‍ച്ച, തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാവണം മുദ്രാവാക്യം, എത്രയും വേഗം ഡാം പൊളിച്ചുമാറ്റുകയാണ് വേണ്ടതെന്ന് പി സി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച്‌ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. പുതിയ ഡാം നിർമ്മിക്കണമെന്നും അതിന്‍റെ ആവശ്യമില്ലെന്നും വാദിക്കുന്ന ഒരുപാട് ആളുകളുണ്ട്. വ്യാജ പ്രചാരണങ്ങളും ഒരുപാട് പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മന്ത്രി പറഞ്ഞത്.

പുതിയ അണക്കെട്ട് വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വിശദമായ റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കോടതിക്ക് പുറത്ത് വിഷയത്തില്‍ പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വേളയിലാണ് ബിജെപി നേതാവ് പിസി ജോര്‍ജ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.

മന്ത്രി റോഷി അഗസ്റ്റിനെതിരെ പ്രതികരിച്ച പിസി ജോര്‍ജ് മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുമാറ്റണമെന്നും ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ഡാം പൊട്ടുമോ ഇല്ലയോ എന്നതാണ് നിലവിലെ ചര്‍ച്ച. ഭയം വേണ്ട എന്നാണ് മുഖ്യമന്ത്രി പറയുന്നത്. റോഷി അഗസ്റ്റിന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ സത്യമുണ്ടായിരുന്നു. മന്ത്രിയായപ്പോള്‍ അതില്ലാതായി. ഡാമിന് ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറയുന്നതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

1886ല്‍ കരാറുണ്ടാക്കി 1895 പണി പൂര്‍ത്തീകരിച്ച ഡാമാണ് മുല്ലപ്പെരിയാര്‍. 130 വര്‍ഷം കഴിഞ്ഞു. 50 വര്‍ഷത്തില്‍ കൂടുതല്‍ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം മൊത്തം പറയുന്നു. എന്നിട്ടാണ് മുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത്. എത്രയും വേഗം ഡാം പൊളിച്ചുമാറ്റുകയാണ് വേണ്ടത്- പിസി ജോര്‍ജ് പറയുന്നു.

35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. നിലവിലെ ഡാമില്‍ നിന്ന് 1300 അടി താഴെ പുതിയ ഡാം നിര്‍മിക്കാന്‍ കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ തത്വത്തില്‍ തീരുമാനിച്ചതാണ്. സ്ഥലം കണ്ടെത്തുകയും ചെയ്തതാണ്. എന്തുകൊണ്ട് അവിടെ പുതിയ ഡാം പണിയുന്നില്ല. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാവണം മുദ്രാവാക്യമെന്നും പിസി ജോര്‍ജ് പറഞ്ഞു.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ ജനങ്ങള്‍ക്ക് കുടിക്കാനും കൃഷിക്കും വെള്ളം വേണം. അതുകൊണ്ട് കേരളം വെള്ളം കൊടുത്തേ തീരു. എന്നാല്‍, അതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ അവഗണിക്കരുത്. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന രീതിയല്‍ ഡാം പൊട്ടിയാലുള്ള സാഹചര്യം വിലയിരുത്തണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിണറായി വിജയനും എംകെ സ്റ്റാലിനും ഭായി ഭായി എന്ന് പറഞ്ഞു നടക്കുന്നു. ഇവര്‍ ഒരു മണിക്കൂര്‍ ഇരുന്ന് സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ലേയുള്ളൂ. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണം. ഈ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.