വനിതാ ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം: ആത്മഹത്യ ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്, മൂന്നു മണിക്കൂറിലധികം തങ്ങളെ പുറത്തുനിർത്തി; ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍; കേസിൽ ബം​ഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി, കേസ് സിബിഐക്ക് വിട്ടു

കൊല്‍ക്കത്ത: വനിതാ ഡോക്ടര്‍ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍.

മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രിക്ക് പുറത്ത് മൂന്നു മണിക്കൂറിലധികം തങ്ങളെ നിര്‍ത്തിയതായും അവര്‍ പറഞ്ഞു. കേസ് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് വിട്ടതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം.

ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിൽ അന്വേഷണം സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി. എല്ലാ അന്വേഷണ റിപ്പോർട്ടും സിബിഐക്ക് കൈമാറാൻ കോടതി നിർദേശിച്ചു. ബംഗാള്‍ സര്‍ക്കാരിനെ കൊല്‍ക്കത്ത ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

നിങ്ങള്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് എന്ത് സംരക്ഷണമാണ് നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഹൃദയഭേദകമായ സംഭവമാണ് നടന്നത്. ഇതില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധത്തെ കുറ്റം പറയാനാവില്ല. മാധ്യമങ്ങളുടെ വായടപ്പിക്കാനും കഴിയില്ല. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ രാജിക്കത്ത് കാണണമെന്ന് കോടതി വ്യക്തമാക്കി.

എന്തുകൊണ്ടാണ് പ്രിന്‍സിപ്പലിന് നീണ്ട അവധി നല്‍കിയതെന്നും മമത സര്‍ക്കാരിനോട് കോടതി ചോദിച്ചു. വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

അതേസമയം കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബിരുദാനന്തര ബിരുദ റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥിനിയെ സെമിനാര്‍ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു.

മുഖത്തും വയറിലും ഇടതുകണങ്കാലിലും, കഴുത്തിലും, വലതു മോതിരവിരലിലും, ചുണ്ടിലും മുറിവുകളുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങളിലും വായയിലും കണ്ണുകളിലും രക്തത്തിന്റെ പാടുകളുമുണ്ടെന്നും കഴുത്തിലെ എല്ലൊടിഞ്ഞതിനാല്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.