15 വർഷമായി കോൺക്രീറ്റിംഗ് ജോലി, രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ കണ്ടെത്തിയത് വൻ കഞ്ചാവ് കച്ചവ‌ടം; ഇടപാടുകാർ പണം ഗൂഗിൾ പേ ചെയ്യുന്നത് ഭാര്യയുടെ അക്കൗണ്ടിലേക്ക്; അതിരമ്പുഴയിൽ 2 കിലോയിലധികം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: അതിരമ്പുഴയിൽ 2 കിലോയിലധികം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എം. ജി സർവ്വകലാശാല റോഡിലുള്ള പെട്രോൾ പമ്പിന് സമീപത്തു നിന്നും പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2കിലോ 70ഗ്രാം കഞ്ചാവ് കണ്ടെത്തി. 15 വർഷമായി അതിരമ്പുഴ പ്രദേശത്ത് കോൺക്രീറ്റിംഗ് ജോലികൾ ചെയ്തു വന്നിരുന്ന ആളാണ്‌ പ്രതി. ഇതിന്റെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്.

കഞ്ചാവ് ഇടപാടുകാർ പണം ഗൂഗിൾ പേ വഴി പ്രതിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് കൈമാറിയിരുന്നത്. ഗാന്ധി നഗർ എസ്ഐ എം കെ അനുരാജ്, എഎസ്ഐ സി. സൂരജ്, സിവിൽ പോലീസ് ഓഫിസർമാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.