മന്ത്രിയുടെ ഇടപെടലിൽ സപ്ലൈകോ ഹൈപ്പർ മാർക്കറ്റിലെ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുത്തു, ജോലി കിട്ടിയെങ്കിലും 5 പേരുടെ ശമ്പളം 9 പേർ വീതിച്ചെടുക്കേണ്ട അവസ്ഥ

കോട്ടയം: സപ്ലൈകോ ഹൈപ്പർ മാർക്കറ്റിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ മന്ത്രി പി പ്രസാദിന്റെ ഓഫീസ് ഇടപെട്ടു. മന്ത്രി ഇടപെട്ടതുകൊണ്ടു ജോലി തിരിച്ചുകിട്ടിയെങ്കിലും 5 പേരുടെ ശമ്പളം 9 പേർ വീതിച്ചെടുക്കണമെന്ന വ്യവസ്ഥയിൽ മാറ്റമൊന്നുമില്ല.

7 മുതൽ 10 വർഷം വരെ ജോലി ചെയ്ത 4 ജീവനക്കാരെയാണു പിരിച്ചുവിട്ടത്. അതേസമയം, ഇവരെ സപ്ലൈകോയുടെ മറ്റ് ഓഫീസുകളിലേക്ക് മാറ്റി തൊഴിൽ സംരക്ഷണം നൽകാമെന്ന് എഐടിയുസി യൂണിയനുമായി നടന്ന ചർച്ചയിൽ ധാരണയിലായെന്ന സുചനയുമുണ്ട്.

ധാരണ ലംഘിച്ചാൽ വീണ്ടും സമരം നടത്തുമെന്ന് എഐടിയുസി അറിയിച്ചു. ജൂലൈ 26ന് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2015ലെ സർക്കുലർ പ്രകാരം മാർക്കറ്റിൽ 5 താൽക്കാലിക ജീവനക്കാരെ നിയമിക്കാനാണ് നിർദേശം. ഇവർ മാസം 30 ലക്ഷം രൂപയുടെ കച്ചവടം നടത്തി മാർക്കറ്റിനെ ലാഭത്തിൽ കൊണ്ടുപോകണം.

ഹൈപ്പർ മാർക്കറ്റിന് വിസ്തൃതി കൂടുതലെന്ന കാരണത്താൽ സപ്ലൈകോ മറ്റൊരു ഉത്തരവിറക്കി 4 താൽക്കാലിക ജീവനക്കാരെക്കൂടി നിയമിച്ചു. എന്നാൽ, രണ്ടാമത് ഇറക്കിയ ഉത്തരവു റദ്ദാക്കിയതോടെയാണ് 4 ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടത്.