മഴയാണെങ്കില്‍ പ്രധാന അദ്ധ്യാപകര്‍ക്ക് അവധി പ്രഖ്യാപിക്കാം: കളക്ടറുടെ വിചിത്ര അറിയിപ്പിനെതിരെ പ്രതിഷേധം

കോഴിക്കോട്: മഴ കനത്തിട്ടും ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി നല്‍കാതെ ആ ചുമതല സ്കൂള്‍ മേലധികാരികളുടെ മേല്‍ കെട്ടിവയ്ക്കാൻ ശ്രമിച്ച കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിംഗിനെതിരെ പ്രതിഷേധം ശക്തം.

കളക്ടർ അവധി നല്‍കാത്തതിനെ തുടർന്ന് ഇന്നലെ രാത്രി ഡിപിഐ അടിയന്തര ഓണ്‍ലൈൻ യോഗം ചേർന്ന് അവധി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജില്ലയില്‍ ദിവസങ്ങളായി കനത്തമഴയാണ്. കഴിഞ്ഞദിവസമുണ്ടായ മഴയില്‍ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നിട്ടും അവധി പ്രഖ്യാപിക്കാൻ കളക്ടർ തയ്യാറായില്ല. മാത്രമല്ല അതത് പ്രദേശത്തെ സാഹചര്യം പരിഗണിച്ച്‌ സ്കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാന അദ്ധ്യാപകർക്ക് തീരുമാനം എടുക്കാമെന്നും കളക്ടർ അറിയിച്ചു.

രാത്രി ഒൻപതുമണിക്കാണ് ഈ നിർദ്ദേശം പുറത്തുവന്നത്. ഇതോടെ ഡിപിഐ അടിയന്തര യോഗം ചേർന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു.

മഴയെത്തുടർന്ന് ബുധനാഴ്ച കളക്ടർ അവധി നല്‍കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച മഴ കൂടുതല്‍ ശക്തിപ്പെടുകയായിരുന്നു. എന്നിട്ടും അവധി പ്രഖ്യാപിക്കാതെ തീരുമാനമെടുക്കാനുളള അവകാശം അദ്ധ്യാപകരുടെ മേല്‍ കെട്ടിവച്ചതിലാണ് പ്രതിഷേധം.