കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; തൃശ്ശൂരിലെ സഹകരണ ബാങ്കുകളിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി

സ്വന്തം ലേഖിക

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ സഹകരണ ബാങ്കുകളില്‍ ഇഡി നടത്തിയ റെയ്ഡ് പൂര്‍ത്തിയായി.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റെയ്ഡ് അവസാനിച്ചത്. തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റും കേരളാ ബാങ്ക് വൈസ് പ്രസിഡന്‍റും സിപിഎം സംസ്ഥാന സമിതി അംഗവുമായ എംകെ കണ്ണനെ വിളിച്ചുവരുത്തി, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

കേസിലെ മുഖ്യപ്രതി സതീശ് കുമാറിന്‍റെ ബെനാമി ഇടപാടുകളുള്ള അയ്യന്തോള്‍ സഹകരണ ബാങ്ക്, തൃശ്ശൂര്‍ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ പരിശോധന 17 മണിക്കൂറിലധികമാണ് നീണ്ടത്. റെയ്ഡിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ഇഡി റെയ്ഡിന് ശേഷം കണ്ണൻ പ്രതികരിച്ചു.

ഇ ഡി ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങള്‍ തേടുകയാണ് ചെയ്യുന്നതെന്നും സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിയെന്നും അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ ഡി കൊണ്ടു പോയെന്നും അദ്ദേഹം വിശദീകരിച്ചു.