യൂറോ കപ്പ് ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് അരങ്ങുണരും, ആദ്യ കിക്കോഫ് ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും തമ്മിൽ

ബെര്‍ലിന്‍: ടി20 ലോകകപ്പ് ക്രിക്കറ്റില്‍ മതിമറന്ന ലോക കായിക പ്രേമികര്‍ക്ക് മറ്റൊരു ആവേശ വിരുന്നൊരുക്കാന്‍ യൂറോപ്പും. 31 ദിവസം നീണ്ടുനില്‍ക്കുന്ന 17ാമത് യുവേഫ യൂറോ കപ്പ് പോരാട്ടത്തിന് ഇന്ന് മ്യൂസിയങ്ങളുടെ നാടായ ജര്‍മനിയിലെ ബെര്‍ലിനില്‍ തുടക്കം.

ഇന്ത്യന്‍ സമയം ഇന്ന് രാത്രി 12.30ന് ആതിഥേയരായ ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും തമ്മിലുള്ള മത്സരത്തോടെ യൂറോ കപ്പിന് കിക്കോഫ്. ഐക്യജര്‍മനിയായ ശേഷം ആദ്യമായാണ് രാജ്യം ഒരു യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

മുമ്പ് 1988ല്‍ മത്സരം ജര്‍മനിയില്‍ നടന്നെങ്കിലും അന്ന് വെസ്റ്റ് ജര്‍മനിയാണ് വേദിയായത്. 2020ലെ യൂറോകപ്പിന് സമാനമായി ആറ് ഗ്രൂപ്പുകളില്‍ നാലുവീതം ടീമുകളെ അണിനിരത്തിയാണ് ഇത്തവണത്തെ യൂറോ കപ്പ് ഒരുക്കിയിരിക്കുന്നത്.

ആറ് ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്കും നാല് മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ബെര്‍ലിന്‍ നഗരത്തിലെ 10 വേദികളിലായാണ് ഇത്തവണത്തെ യൂറോ മാമാങ്കം അരങ്ങേറുന്നത്.

ഇതില്‍ ഒമ്പതും 2006ലെ ലോകകപ്പില്‍ ഉപയോഗിച്ചവയാണ്. ദുസല്‍ഡോല്‍ഫിലെ ദുസല്‍ഡോല്‍ഫ് അറീനയാണ് പുതുമുഖം. 66,000 പേര്‍ ഉള്‍ക്കൊള്ളുന്ന മ്യൂണിക്കിലെ ഫുട്‌ബോള്‍ അറീനയ്ക്കിത് രണ്ടാം ടൂര്‍ണമെന്റാണ്.

ഈ സ്റ്റേഡിയം വിവിധ രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ച 2020ലെ യൂറോ കപ്പിനും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. ഇന്ന് രാത്രി ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും ഇവിടെയാണ് ഉദ്ഘാടന മത്സരം കളിക്കുന്നത്.

71,000 പേര്‍ക്ക് ഇരിക്കാന്‍ പറ്റുന്ന ബെര്‍ലിനിലെ ഒളിംപിക്‌സ്‌റ്റേഡിയനാണ് 10 വേദികളില്‍ സീറ്റിങ് കപ്പാസിറ്റിയില്‍ മുന്നില്‍. ഇവിടെയാണ് ജൂലൈ 14ന് ഫൈനല്‍ അരങ്ങേറുന്നത്. ഫൈനല്‍ കൂടാതെ അഞ്ച് മത്സരങ്ങളും ഇവിടെ നടക്കുന്നുണ്ട്.

40,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ലെപ്‌സിഗിന്റെ സ്വന്തം ഗ്രൗണ്ടായ ലെപ്‌സിഗ് സ്റ്റേഡിയമാണ് കപ്പാസിറ്റിയില്‍ പിന്നില്‍. ആരാധകരെ രസം കൊള്ളിക്കാനായി സ്‌റ്റേഡിയത്തില്‍ ആല്‍ബര്‍ട്ടെന്ന ഭാഗ്യചിഹ്നവുമുണ്ടാകും.

യുവേഫ.കോം ഉപയോക്താക്കളുടെയും യൂറോപ്പിലെ സ്‌കൂള്‍ കുട്ടികളുടെയും ഇടയില്‍ നടത്തിയ വോട്ടെടുപ്പിന് ശേഷമാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്. ടെഡ്ഡി ബിയറായ ആല്‍ബര്‍ട്ട് 32 ശതമാനം വോട്ടുകള്‍ നേടിയാണ് ഭാഗ്യചിഹ്നമായി ഉയര്‍ത്തപ്പെട്ടത്.