മയിലിനെ വെടിവച്ച് ഭക്ഷണമാക്കി, ഇരട്ട സഹോദരന്മാർ അറസ്‌റ്റിൽ

പാലക്കാട്: മയിലിനെ വെടിവച്ച് പാചകം ചെയ്‌തു കഴിച്ച കേസിൽ ഇരട്ട സഹോദരന്മാർ അറസ്‌റ്റിൽ. പാലക്കയം കുണ്ടംപൊട്ടിയിൽ രമേശ്, രാജേഷ് എന്നിവരാണ് അറസ്‌റ്റിലായത്.

വേട്ടയ്ക്ക് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

മണ്ണാർക്കാട് റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ എൻ സുബൈറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രതികളുമായി പാലക്കയത്ത് തെളിവെടുപ്പ് നടത്തി.

പാലക്കാട് ജില്ലാ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ കെ സി സനൂപ്, പാലക്കയം ഡപ്യൂട്ടി റേഞ്ച് ഓഫിസർ കെ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിൽ പാചകം ചെയ്‌ത മയിലിറച്ചി കണ്ടെത്തിയിരുന്നു.

ഒളിവിൽ പോയ സഹോദരന്മാർ ചൊവ്വാഴ്‌ച മണ്ണാർക്കാട് ഡിഎഫ്‌ഒ ഓഫീസിൽ കീഴടങ്ങുകയായിരുന്നു.