പകർച്ച പനിക്കെതിരെ കൂടുതൽ ജാ​ഗ്രത വേണം, ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടക്കിടെയുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ കരുതൽ വേണമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്.

ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും തുടർന്ന് ഒന്നോ രണ്ടോ ദിവസം വീട്ടിൽതന്നെ വിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം.

പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അറിയിച്ചു.

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്തണം. എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പര്‍ക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാല്‍ മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക.

കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവര്‍ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുന്‍കരുതലുകളെടുക്കണമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു.