അങ്ങനെ പോലീസ് അത് കണ്ടെത്തി, സത്യപ്രതജ്ഞക്കെത്തിയ അപ്രതീക്ഷിത അതിഥി പുലിയല്ല, പൂച്ച, വിശ്വസിക്കാതെ സോഷ്യൽ മീഡിയ

ഡൽഹി: നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനിടെ പ്രധാന വേദിക്ക് പിന്നിലൂടെ ഒരു ജീവി കടന്നു പോകുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

എന്നാൽ, ഇത് പുള്ളിപ്പുലിയാണെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്ന 321 ഏക്കറിൽ വന മേഖലയും ഉള്ളതിനാൽ ചിലരൊക്കെ ഇത് വിശ്വസിക്കുകയും ചെയ്തു. അവസാനം പോലീസ് ഇതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. അതൊരു പൂച്ച ആയിരുന്നു.

പൂച്ചയെയാണ് എല്ലാവരും പുള്ളിപ്പുലിയാണെന്ന് തെറ്റിദ്ധരിച്ചത്. ഡൽഹി പോലീസ് തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനിടെ, രാഷ്ട്രപതിഭവനിലെ പ്രധാന വേദിക്ക് പിന്നിലൂടെയാണ് പൂച്ച കടന്നുപോയത്. ഇത് വീഡിയോയിൽ ദൃശ്യമായിരുന്നു.

മധ്യപ്രദേശിൽ നിന്നുള്ള എംപി, ദുർഗാ ദാസ് ഉയ്കെ സത്യപ്രതിജ്ഞ ചെയ്ത് ഒപ്പിടുമ്പോഴായിരുന്നു പുള്ളിപ്പുലിയെന്ന് തോന്നിക്കുന്ന മൃഗം നടന്ന് പോകുന്നത്. രാഷ്ട്രപതി ഭവനിരിക്കുന്ന പ്രദേശത്ത് പുലി എത്താൻ ഒരു സാധ്യതയുമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പൂച്ചയേക്കാൾ വലുപ്പം ദൃശ്യങ്ങളിലെ ജീവിക്ക് ഉണ്ടെന്നാണ് ഇപ്പോഴും സോഷ്യൽ മീഡയയിൽ ചിലർ വാദിക്കുന്നത്.