ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികർക്ക് മോചനം; ഇവരെ പിടികൂടിയത് പത്ത് മാസം മുൻപ്

ഇറാനിൽ തടവിലായിരുന്ന 10 ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു. കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. ‘എം.വി ഹാർബർ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് ഇറാൻ അധികൃതർ കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്. വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മോചനം സാധ്യമായത്. മോചിതരായ നാവികർ ഇപ്പോൾ സുരക്ഷിതരാണെന്നും അവരെ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കപ്പൽ പിടിച്ചെടുത്തതിന്റെ കൃത്യമായ കാരണം ഇറാൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സമുദ്ര അതിർത്തി ലംഘനമോ ഇന്ധനക്കടത്തോ ആണ് സാധാരണയായി ഇത്തരം നടപടികൾക്ക് കാരണമാകാറുള്ളത്. ഈ വിഷയത്തിൽ പരസ്യമായ പ്രസ്താവനകൾ ഒഴിവാക്കി. ‘നിശബ്ദ നയതന്ത്രം’ വഴിയാണ് ഇന്ത്യ പ്രതിസന്ധി പരിഹരിച്ചത്.