Site icon Malayalam News Live

അടിമുടി മാറാനൊരുങ്ങി ഇന്ത്യൻ ടീം, സിംബാബ്‌‌വെ മത്സരങ്ങളിൽ ഐപിഎൽ താരങ്ങൾ കളത്തിലറങ്ങും, സീനിയര്‍ താരങ്ങള്‍ക്ക് ഏകദിനവും ടെസ്റ്റും മാത്രം

മുംബൈ: ടി20 ലോകകപ്പിനു പിന്നാലെ നടക്കുന്ന സിംബാബ്‌‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് റിപ്പോര്‍ട്ട്.

വിരാട് കോഹ്ലിയും രോഹിത് ശര്‍മയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ടി20 ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കുമെന്നും ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ മാത്രമാകും ഇനി അവര്‍ കളിക്കുയെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ടി20 ലോകകപ്പിന് പിന്നാലെ ഇന്ത്യ സിംബാബ്‌വെയിലേക്ക് നടത്തുന്ന പര്യടനത്തില്‍ അഞ്ച് ടി20 മത്സരങ്ങളാണുളളത്. ലോകകപ്പില്‍ കളിക്കുന്ന രോഹിത്തിനും കോഹ്ലിക്കും പുറമെ പേസര്‍ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാര്‍ദ്ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും സിംബാബ്‌വെ പര്യടനത്തില്‍ സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കും.

ഇതോടെ ഐപിഎല്ലില്‍ തിളങ്ങിയ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, പേസര്‍ ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് സിംബാബ്‌വെ പര്യടനത്തില്‍ ടീമില്‍ അവസരം ഒരുങ്ങും.

ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, മായങ്ക് യാദവ്, റാണ, നിതീഷ് റെഡ്ഡി, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരെല്ലാം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്.

സിംബാബ്‌വെ പര്യടനം മുന്നില്‍ക്കണ്ടാണ് ഇവരെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് അയച്ചതെന്നാണ് സൂചന. ഇവരില്‍ ചിലര്‍ക്കെങ്കിലും ദേശീയ ടീമില്‍ അരങ്ങേറ്റത്തിന് അവസരമുണ്ടാകുമെന്നാണ് കരുതുന്നത്.

ഐപിഎല്ലില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണും സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് കരുതുന്നത്. ടി20 ലോകകപ്പോടെ പരിശീലക സ്ഥാനത്തു നിന്ന് രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുമ്പോള്‍ പകരമെത്തുന്ന പരിശീലകനും ടീം തെരഞ്ഞെടുപ്പില്‍ നിര്‍ണായക റോളുണ്ടാകും.

ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്‍റര്‍ ഗൗതം ഗംഭീറാണ് രാഹുല്‍ ദ്രാവി‍ഡിന്‍റെ പിന്‍ഗാമിയായി പരിശീലക സ്ഥാനത്ത് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ ആറ് മുതലാണ് ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പര തുടങ്ങുന്നത്. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.

Exit mobile version