Site icon Malayalam News Live

സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു.

സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ഉച്ചകഴിഞ്ഞ് 2.30ന് ഓഡിറ്റോറിയത്തില്‍ തയാറാക്കിയ പ്രത്യേക വേദിയിലാണ് സ്ഥാനാരോഹണം നടന്നത്. സിനഡിലെ മെത്രാന്മാര്‍ക്കൊപ്പം വിവിധ രൂപതകളില്‍നിന്നുള്ള അല്മായ, സമര്‍പ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയര്‍ ജനറല്‍മാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു.

ചടങ്ങില്‍ മുഖ്യകാര്‍മികനായ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാൻ മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു. ഭാരിച്ചതും വെല്ലുവിളികള്‍ നിറഞ്ഞതുമായ ശുശ്രൂഷയാണ് മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്‍റേതെന്നും ഈ നേതൃത്വശുശ്രൂഷയുടെ ഫലപ്രദമായ നിര്‍വഹണത്തിന് ആവശ്യമായ കൃപ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് ലഭിക്കാനായി സഭാമക്കള്‍ പ്രാര്‍ഥിക്കുമെന്ന് ഉറപ്പാണെന്നും മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.

മാര്‍ റാഫേല്‍ തട്ടിലിനെ സീറോ മലബാര്‍ മെത്രാൻ സിനഡ് തെരഞ്ഞെടുത്തതിനുള്ള അംഗീകാരം നല്കിക്കൊണ്ട് ഫ്രാൻസിസ് മാര്‍പാപ്പ നല്കിയ കത്ത് സീറോ മലബാര്‍ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ചാൻസലര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ വായിച്ചു.

തുടര്‍ന്ന് സ്ഥാനാരോഹണ കര്‍മങ്ങള്‍ക്ക് തുടക്കമായി. ആദ്യം നിയുക്ത മേജര്‍ ആര്‍ച്ച്‌ബിഷപ്പ് വിശ്വാസപ്രഖ്യാപനം നടത്തി. സഭ പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണം ഏറ്റുപറയുകയും പരിശുദ്ധ പിതാവിനോടും ഫ്രാൻസിസ് മാര്‍പാപ്പയോടും അവിടുത്തെ പിൻഗാമികളോടും കൂട്ടായ്മയും വിധേയത്വവും പുലര്‍ത്തിക്കൊള്ളാമെന്ന് വാഗ്ദാനം ചെയ്തു.

അതോടൊപ്പം മേജര്‍ ആര്‍ച്ച്‌ബിഷപ്പിന്‍റെ ഉത്തരവാദിത്വങ്ങള്‍ സഭയിലെ മെത്രാന്മാരോടുള്ള സംഘാതാത്മകതയില്‍ വിശ്വസ്തയോടെ നിര്‍വഹിക്കുകയും ഇതരസഭകളുമായുള്ള ബന്ധം പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ കൈവച്ചുകൊണ്ട് നിയുക്ത മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് പ്രതിജ്ഞ ചെയ്തു.

തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥനയ്ക്കു ശേഷം കാര്‍മികൻ മേജര്‍ ആര്‍ച്ച്‌ബിഷപ്പിനെ ചുവന്ന മുടി ധരിപ്പിക്കുകയും അംശവടി നല്കുകയും ചെയ്തു. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ ഇരിപ്പിടത്തിലേക്ക് ആനയിച്ച്‌ ഇരുത്തുകയും ചെയ്തു. തുടര്‍ന്ന് കീര്‍ത്തനാലാപനത്തിനു ശേഷം മേജര്‍ ആര്‍ച്ച്‌ബിഷപ് സ്ഥാനാരോഹണ കര്‍മത്തിന്‍റെ സമാപനാശീര്‍വാദം നല്കി.

മേജര്‍ ആര്‍ച്ച്‌ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഡിസംബര്‍ ഏഴിനു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് സിനഡ് ചേര്‍ന്ന് അദ്ദേഹത്തിന്‍റെ പിൻഗാമിയായി മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്. മാര്‍പാപ്പയുടെ അംഗീകാരത്തോടെ തീരുമാനം വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേസമയം പ്രഖ്യാപിക്കുകയായിരുന്നു.

 

 

Exit mobile version