Site icon Malayalam News Live

കനത്തമഴയിൽ മരം വീണ്​ ചികിത്സയിലിരുന്ന ദമ്പതികളിൽ ഭർത്താവ്​ മരിച്ചു; മരത്തിന്‍റെ ചില്ലകൾ വീണ്​ നട്ടെല്ലിനും വാരിയെല്ലിനും കാലിനും പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ

ആലപ്പുഴ: കനത്തമഴയിൽ സ്കൂട്ടറിൽ നിന്നിറങ്ങി വഴിയോരത്ത്​ നിന്ന ദമ്പതികൾക്കിടയിലേക്ക്​ മരം വീണ്​ ചികിത്സയിലിരുന്ന ഭർത്താവ്​ മരിച്ചു. ആലപ്പുഴ ആറാട്ടുവഴി​ ​മൈഥിലി ജങ്​ഷൻ സിയാദ്​ മൻസിലിൽ ഉനൈസ്​ (30) ആണ്​ മരിച്ചത്​.

നട്ടെല്ലിനും വാരിയെല്ലിനും കാലിനും പരിക്കേറ്റ ഭാര്യ അലീഷ(25) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്​ച രാവിലെ 11.15ന്​ ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന്​ സമീപമായിരുന്നു സംഭവം.

ഞായറാഴ്​ച സൗദിയിൽ വെൽഡിങ്​ ജോലിക്കായി പോകുന്നതുമായി ബന്ധപ്പെട്ട്​ പേപ്പറുകൾ ശരിയാക്കാൻ അക്ഷയകേന്ദ്രത്തിലേക്ക്​ ഇരുവരും സ്കൂട്ടറിൽ പോയതിന്​ പിന്നാലെയായിരുന്നു അപകടം.

യാത്രക്കിടെ കനത്തകാറ്റും മഴയുമെത്തിയതോടെ സ്കൂട്ടറിൽ നിന്നിറങ്ങി വഴിയോരത്ത്​ നിൽക്കവെ എതിർവത്തെ കൂറ്റൻമരം കാറ്റിൽ ആടിയുലയുന്നത്​ കണ്ട്​ പേടിച്ച ഇരുവരും ഓടിമാറുന്നതിനിടെ ദേഹത്തേക്ക്​ പതിക്കുകയായിരുന്നു.

മരത്തിന്‍റെ ചില്ലകൾ വീണ്​ കാലൊടിയുകയും വാരിയെല്ലിന്​ പരിക്കേൽക്കുകയും ചെയ്ത അലീഷയെയാണ്​ ആദ്യം പുറത്തെടുത്തത്​. പിന്നാലെയാണ്​ ശരീരം പൂർണമായും മരത്തിനടിയിലായിരുന്ന ഉനൈസിനെ രക്ഷിച്ചത്​.

സമീപത്തെ തടിമില്ലിൽ നിന്ന്​ ക്രെയിൻ എത്തിച്ച്​ മരംഉയർത്തി മാറ്റിയാണ്​ ഉനൈസിനെ വണ്ടാനം മെഡിക്കൽ കോളേജ്​ ആശുപത്രിയിൽ എത്തിച്ചത്​. ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ഏകമകൻ: ഇഹാൻ (നാല് വയസ്).

Exit mobile version