Site icon Malayalam News Live

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ആരോഗ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണം എന്ന ആവശ്യവുമായാണ് യൂത്ത് കോൺഗ്രസ് രംഗത്തു വന്നത്. മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തുകയാണ്. ‘ആരോഗ്യമന്ത്രി പ്രൈവറ്റ് ആശുപത്രികളുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. സാധാരണക്കാർ ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകളെയും താലൂക്ക് ആശുപത്രികളെയും പിന്തുണക്കുന്നില്ല. സാധാരണക്കാരുടെ രക്തം കുടിക്കുന്ന രക്തരക്ഷസ്സിനെ പോലെ വീണ ജോർജ് പെരുമാറുന്നു. എല്ലാ മാസവും സമാനമായ സംഭവങ്ങൾ വരികയാണ്. ഇതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിച്ച ഒരു യുവജനപ്രസ്ഥാനത്തെ പൊലീസ് ലാത്തിവെച്ചാണ് നേരിടുന്നതെന്നും ആരോപണമുയർന്നു.

കേരളത്തിന്റെ തെരുവോരങ്ങളിൽ അതിശക്തമായ സമരം വരും ദിവസങ്ങളിൽ നടക്കും. മന്ത്രിയെ വഴി തടയുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യും. ഇതിന് ഉത്തരവാദി വീണ ജോർജ് മാത്രമാണ്. വീണ ജോർജിനെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ല. ചുണയുണ്ടെങ്കിൽ പിണറായി വിജയൻ പൊലീസിന്റെ സംരക്ഷണയിൽ വീണ ജോർജിനെ പുറത്തിറക്കി നോക്കട്ടെ. കേരളത്തിലെ യൂത്ത് കോൺഗ്രസിന്റെ ശക്തി എന്താണെന്ന് അപ്പോള്‍ കാണിച്ചുതരാം എന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളേജിൽഡ 2021ലാണ് ഇപ്പോൾ വിവാദമായിരിക്കുന്ന ശസ്ത്രക്രിയ നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ ജോസഫ് വയറ്റിലെ മുഴം നീക്കം ചെയ്യാനാണ് ആശുപത്രിയിൽ എത്തുന്നത്. ശസ്ത്രക്രിയ നടന്നതിന് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടുവെന്നുമാണ് ഉഷ ജോസഫിന്റെ വെളിപ്പെടുത്തൽ. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്‌സ്‌റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടെത്തിയത്.

Exit mobile version