Site icon Malayalam News Live

പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അസഭ്യം പറച്ചിൽ, എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ച് വധഭീഷണി; അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ യുവാവിന്റെ പെപ്പർ സ്പ്രേ പ്രയോ​ഗം; യുവാവ് പോലീസ് കസ്റ്റഡിയിൽ, മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നതിലും പരിശോധന

ആലപ്പുഴ: പോലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോ​ഗം നടത്തിയ യുവാവ് അറസ്റ്റിൽ. പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് അറസ്റ്റിലായത്.

പോലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പോലീസ് എത്തിയത്. വീട്ടിലെത്തിയ പോലീസ് സംഘത്തിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. ചെങ്ങന്നൂരിനു സമീപം വെൺമണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം.

വിനീഷ് സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും എസ്എച്ച്ഒയുടെ ഔദ്യോഗിക ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇത് അന്വേഷിക്കാൻ വീട്ടിൽ എത്തിയ പോലീസ് സംഘത്തിനു നേരെ പെപ്പർ സ്പ്രേ ഉപയോ​ഗിക്കുകയായിരുന്നു.എസ്എച്ച്ഒ എം.സി. അഭിലാഷ്, സിപിഒ ശ്യാം എന്നിവർക്കു നേരെയായിരുന്നു പെപ്പർ സ്പ്രേ ആക്രമണം.

തുടർന്നു മറ്റു പോലീസുകാർ ചേർന്നു വിനീഷിനെ കീഴ്പ്പെടുത്തി. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാവിന് ഏതെങ്കിലും തരത്തിൽ മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഔദ്യോഗിക കൃത്യ നിർവഹണത്തിനു തടസം സൃഷ്ടിക്കുക, പോലീസുകാരെ അക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version