Site icon Malayalam News Live

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചു; നാല് പേർ അറസ്റ്റിൽ; പിടിയിലായത് വേളൂർ, നാട്ടകം സ്വദേശികൾ

കോട്ടയം: യുവാക്കളെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വേളൂർ തിരുവാതുക്കൽ പാറേച്ചാൽ ഭാഗത്ത് മുപ്പതിൽചിറ വീട്ടിൽ ആദർശ് സാബു (21), വേളൂർ തിരുവാതുക്കൽ പാറേച്ചാൽ ഭാഗത്ത് കോയിപ്പുറത്ത് ചിറ വീട്ടിൽ ബിജീഷ് മോൻ (21), വേളൂർ ചുങ്കത്ത് മുപ്പതിൽ പാലം ഭാഗത്ത് മുപ്പത്തെട്ടിൽ വീട്ടിൽ ശരത് പ്രസാദ് (26), നാട്ടകം മുട്ടം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഇന്ദ്രജിത്ത് എം.പി (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി പാറേച്ചാൽ ഭാഗത്ത് വേളൂർ സ്വദേശിയായ പ്രവീൺ എന്ന യുവാവിനെ ഇടിക്കട്ട കൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രവീണിന്റെ സുഹൃത്തിനെ ഇവർ മർദ്ദിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ എത്തിയതായിരുന്നു പ്രവീൺ.

തുടര്‍ന്ന് ഇരുവരെയും ഇവര്‍ മര്‍ദ്ധിച്ചു. ഇവർക്ക് പ്രവീണിന്റെ സുഹൃത്തിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്.

തുടർന്ന് ഇവർ സംഭവ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ നാലുപേരെയും പിടികൂടുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, സജി കുമാർ, സിജു കെ.സൈമൺ, സി.പി.ഓ മാരായ രാജേഷ് കെ.എം, ഷൈൻ തമ്പി, സലമോൻ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാന്‍ഡ്‌ ചെയ്തു.

Exit mobile version