Site icon Malayalam News Live

കഞ്ചാവ് വാങ്ങിച്ചു കൊണ്ടുവരുന്നത് കണ്ടു എന്നാരോപിച്ച് എക്സൈസിന്റെ മർദ്ദനം; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി

അടൂര്‍: എക്സൈസുകാർ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂർ പഴകുളം ചാല വിഷ്ണുഭവനിൽ ചന്ദ്രന്റെയും ഉഷയുടേയും മകൻ വിഷ്ണു(27) ആണ് മരിച്ചത്. വിഷ്ണുവിന്റെ മാതൃസഹോദരൻ സുരേഷാണ് പരാതിക്കാരൻ.

എക്സൈസ് സംഘം വിഷ്ണുവിനെ മർദ്ദിച്ചതായും സുരേഷ് ആരോപിക്കുന്നു. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന വിഷ്ണുവിനെ ശനിയാഴ്ച ഉച്ചയ്ക്കാണ് വീട്ടു മുറിയിലെ ഫാൻ ഹൂക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മരിക്കുന്നതിനു തലേ ദിവസമാണ് അടൂർ പറക്കോട് നിന്നുള്ള എക്സൈസ് സംഘം വിഷ്ണുവിന്റെ വീട്ടിൽ എത്തിയത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വിഷ്ണു ഇരുചക്രവാഹനത്തിൽ കഞ്ചാവ് വാങ്ങിച്ചു കൊണ്ടുവരുന്നത് കണ്ടു എന്നാരോപിച്ചായിരുന്നു എക്സൈസ് സംഘം എത്തിയതെന്നാണ് സുരേഷ് പറയുന്നത്.

സംഭവത്തെ തുടര്‍ന്ന് പിന്നീട് വിഷ്ണു വീടിന് പുറത്തിറങ്ങിയിരുന്നില്ല. വലിയ മാനസിക പ്രയാസത്തിലായിരുന്നു വിഷ്ണുവെന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണുവിന്റെ മാതൃ സഹോദരിയും വ്യക്തമാക്കി.

Exit mobile version