Site icon Malayalam News Live

മൂന്ന് വയസുകാരിയുടെ സ്വര്‍ണമാല കട്ടെടുത്തതിന് പിന്നാലെ മാനസാന്തരപ്പെട്ട് കള്ളൻ; പകരം വീട്ടിലെത്തിച്ചത് പണവും ഒപ്പമൊരു കത്തും

പാലക്കാട്: മോഷ്‌ടിച്ചെടുത്ത മാലയ്‌ക്കായി വീട്ടുകാര്‍ പരക്കംപായുന്നത് കണ്ട് സഹിക്കാനാകാതെ അത് വിറ്റ്കിട്ടിയ പണം നല്‍കിയ ഒരു കള്ളന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പാലക്കാട് കുമരനല്ലൂരിലാണ് സംഭവം. കുമരനല്ലൂരില്‍ എ ജെ ബി സ്‌കൂളിന് സമീപം ഷിഹാബിന്റെ മകള്‍ മൂന്ന് വയസുകാരിയുടെ ഒന്നേകാല്‍ പവനോളം വരുന്ന സ്വര്‍ണമാലയാണ് മോഷ്‌ടാവ് തട്ടിയെടുത്തത്. ഇക്കഴിഞ്ഞ 19നായിരുന്നു സംഭവം.

അന്ന് രാവിലെ കുട്ടിയുടെ ശരീരത്തില്‍ മാലയുണ്ടായിരുന്നു. കുട്ടിയുമായി കടയില്‍ പോയി മടങ്ങിവന്നപ്പോഴേക്കും മാല നഷ്‌ടപ്പെട്ടിരുന്നു. വീട്ടുകാര്‍ പലയിടത്തും തിരഞ്ഞെങ്കിലും മാല കിട്ടിയതേയില്ല.

ദിവസങ്ങളോളം അന്വേഷണം തുടര്‍ന്നു.
ഇതിനിടെ മോഷണം നടന്ന വീട്ടിലുള്ളവര്‍ ഒരിക്കല്‍ ഉച്ചയ്‌ക്ക് വിശ്രമിക്കുന്ന സമയത്ത് വീട്ടിലെ അടുക്കളയ്‌ക്ക് സമീപം കവറില്‍ മാലയുടെ വിലയായ 52,500 രൂപയും ഒരു കുറിപ്പും വച്ച മാലക്കള്ളൻ സ്ഥലംവിട്ടു.

മാലമോഷണത്തില്‍ ക്ഷമാപണം ഉള്ള കത്തില്‍ മാല വിറ്റുപോയതായും വീട്ടുകാര്‍ തിരയുന്നത് കണ്ട് സമാധാനം നഷ്‌ടമായതിനാല്‍ അതിന്റെ പണം തിരികെ തരുന്നതായും മാപ്പുനല്‍കണമെന്നുമാണ് കത്തിലുള്ളത്. മോഷണമുതല്‍ പണമായി തിരികെയേല്‍പ്പിച്ച മനസാക്ഷിയുള്ള കള്ളൻ ഒരേസമയം നാട്ടുകാര്‍ക്ക് കൗതുകവും അമ്പരപ്പുമുണ്ടാക്കി.

Exit mobile version